ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിനും എതിരേ കേസ്; വധശ്രമം, ഗൂഢാലോചന വകുപ്പുകള്‍ ചുമത്തി

Share our post

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരേ ഇന്‍ഡിഗോ വിമാനത്തില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരേ കേസെടുത്തു. ഐ.പി.സി 308, 307, 506, 120 വകുപ്പുകള്‍ പ്രകാരം വധശ്രമം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ഇ.പിക്കെതിരേ വലിയതുറ പോലീസ് ചുമത്തിയിട്ടുണ്ട്. കേസിലെ പ്രതികളായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയില്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസെടുക്കാന്‍ ഉത്തരവിട്ടിരുന്നു. കോടതിയുടെ ഈ നിര്‍ദേശപ്രകാരമാണ് കേസെടുത്തത്.

പ്രതിഷേധിച്ച രണ്ടുപേരെയും ജയരാജന്‍ തള്ളി താഴെയിട്ടെന്ന് എഫ്‌.ഐ.ആറില്‍ പറയുന്നു. മുഖ്യമന്ത്രിക്ക് മുമ്പില്‍ പ്രതിഷേധിക്കാന്‍ നീയൊക്കെ ആരാടാ എന്ന് ജയരാജന്‍ ആക്രോശിച്ചു. കൈ ചുരുട്ടി നവീന്‍ കുമാറിന്റെ മുഖത്തടിച്ചു. മൂന്ന് പ്രതികള്‍ ചേര്‍ന്ന് അതിക്രൂരമായി മര്‍ദിച്ചു. ഫര്‍സീന്‍ മജീദിനെ ജയരാജന്‍ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും എഫ്.ഐ.ആറില്‍ പറയുന്നു.

ഇ.പി. ജയരാജന് പുറമെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാര്‍, പേഴ്സണല്‍ സ്റ്റാഫ് അംഗം സുനീഷ് എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. കേസിലെ പ്രതികളായ ഫര്‍സീന്‍ മജീദ്, നവീന്‍കുമാര്‍ എന്നിവര്‍ ഇ.പി. ജയരാജനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് മജിസ്ട്രേറ്റ് കോടതിയില്‍ ബുധനാഴ്ച രാവിലെയാണ് ഹരജി നല്‍കിയത്.

പ്രതിഷേധവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് രണ്ടാഴ്ചത്തെ വിമാന വിലക്കും ഇ.പി. ജയരാന് മൂന്നാഴ്ചത്തെ വിമാനവിലക്കും ഇന്‍ഡിഗോ ഏര്‍പ്പെടുത്തിയിരുന്നു. പക്ഷെ, ഇ.പി.ക്കെതിരേ കേസെടുക്കില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ഇതടക്കം ചൂണ്ടിക്കാട്ടിയാണ് യൂത്ത്കോണ്‍ഗ്രസുകാര്‍ ഹരജി നല്‍കിയത്.

തങ്ങളുടെ നേരെ കൊല്ലെടാ എന്ന് പറഞ്ഞ് ഇ.പി ആക്രോശിച്ച് പാഞ്ഞടുത്തുവെന്നും ചവിട്ടിയെന്നും കഴുത്തിന് കുത്തിപ്പിടിച്ചുവെന്നുമായിരുന്നു യൂത്ത്കോണ്‍ഗ്രസുകാരുടെ പരാതി. പരാതിക്കാര്‍ വീല്‍ചെയറിലടക്കം പുറത്തുവരുന്ന ദൃശ്യങ്ങളും വിമാനത്തിലെ ദൃശ്യവും ഇവര്‍ കോടതിയില്‍ ഹാജരാക്കി. ഈ സംഭവത്തിലാണ് വധശ്രമം അടക്കം ചുമത്തിയിരിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!