കടൽ തീരത്തെത്തിയ കുട്ടികൾക്ക് അസ്വസ്ഥത; 49 വിദ്യാർഥികൾ ആസ്പത്രിയിൽ

കാഞ്ഞങ്ങാട് : ശുചിത്വ ബോധവല്‍ക്കരണത്തിനായി തീരത്തേക്ക് കൊണ്ടുപോയ 49 വിദ്യാര്‍ഥികളെ തലവേദന, തലകറക്കം, ക്ഷീണം എന്നിവ ബാധിച്ച് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. മരക്കാപ്പ് കടപ്പുറം ഗവ.ഫിഷറീസ് ഹൈസ്കൂളിലെ വിദ്യാർഥികളെയാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിൽ ചില കുട്ടികളിൽ ഛർദിയുടെ ലക്ഷണവും കണ്ടെത്തി. കടലിൽ നിന്നുള്ള ദുർഗന്ധമാകാം ശാരീരിക അസ്വസ്ഥതയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ പരിശോധനകൾക്ക് ശേഷമേ കാരണം വ്യക്തമാക്കാൻ കഴിയൂവെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. എ.വി. രാംദാസ് പറഞ്ഞു.
കുട്ടികളിൽ ഭക്ഷ്യവിഷബാധയുടെ ലക്ഷണം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ രാവിലെ 11നാണ് വിദ്യാർഥികളെ തീരത്തേക്ക് കൊണ്ടു പോയത്. പഠനത്തിനും കളികൾക്കുമായി വിദ്യാർഥികളെ തീരത്തേക്ക് കൊണ്ടു പോകുക ഇവിടെ പതിവാണ്. ആദ്യം ഒരു കുട്ടിക്ക് തലകറക്കം അനുഭവപ്പെടുകയായിരുന്നു. തൊട്ടു പിന്നാലെ മറ്റ് നാലു കുട്ടികൾക്ക് കൂടി തലകറക്കം അനുഭവപ്പെട്ടു. ഇതോടെ വിദ്യാർഥികളുടെ രക്ഷിതാക്കളെ വിവരമറിയിച്ചു. ആദ്യ ലക്ഷണം കണ്ട കുട്ടിയെ വീട്ടുകാർക്കൊപ്പം വിടുകയും ചെയ്തു. പിന്നാലെയാണ് കൂടുതൽ കുട്ടികൾ സമാന ലക്ഷണം കാട്ടി തുടങ്ങിയത്.
ഇതോടെ 42 കുട്ടികളെ കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിലും 7 കുട്ടികളെ നീലേശ്വരം താലൂക്ക് ആസ്പത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടികളുടെ രക്തസാംപിളുകൾ പരിശോധിച്ചതിൽ നിന്നു കാരണം വ്യക്തമായിട്ടില്ല. ആസ്പത്രിയിൽ പ്രവേശിപ്പിച്ച കുട്ടികളെ ഒരു ദിവസത്തെ നിരീക്ഷണത്തിന് ശേഷമേ വിട്ടയ്ക്കുകയുള്ളുവെന്ന് ആസ്പത്രി അധികൃതർ അറിയിച്ചു. അഗ്നിരക്ഷാ സേന ആംബുലൻസ്, സിവിൽ ഡിഫൻസ് അംഗങ്ങൾ, കാഞ്ഞങ്ങാട് നഗരസഭ പാലിയേറ്റീവ് ആംബുലൻസ്, ജില്ലാ ആസ്പത്രി ആംബുലൻസ് മറ്റ് സ്വകാര്യ വാഹനങ്ങൾ എന്നിവയിലാണ് കുട്ടികളെ ആസ്പത്രിയിൽ എത്തിച്ചത്.