കാട് വിളിക്കുന്നു, വരൂ മഴ നനയാം; ഈ വര്‍ഷത്തെ മഴയാത്ര 22ന്

Share our post

അതിരപ്പിള്ളി: കാട്ടിലെയും പുഴയിലെയും മഴ കാണാനും കോടമഞ്ഞിന്‍ കുളിരിലൂടെ നടക്കുന്നതിനുമായി മഴ യാത്ര തുടങ്ങുന്നു. കോവിഡിനെ തുടര്‍ന്ന് രണ്ടുവര്‍ഷം മുന്‍പ് നിര്‍ത്തിവച്ച മഴയാത്രയുമായി അതിരപ്പിള്ളി വാഴച്ചാല്‍ തുമ്പൂര്‍മുഴി ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ കൗണ്‍സില്‍. ഈ വര്‍ഷത്തെ മഴയാത്ര 22ന് രാവിലെ എട്ടുമണിക്ക് ചാലക്കുടി പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ സനീഷ് കുമാര്‍ ജോസഫ് എം.എല്‍.എ. ഫ്‌ളാഗ് ഓഫ് ചെയ്യും.

മുന്‍ വര്‍ഷങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് സഞ്ചാരികള്‍ പങ്കെടുത്ത മണ്‍സൂണ്‍ ടൂറിസം പാക്കേജാണിത്.

മഴക്കാടുകളില്‍ മഴ പെയ്യുന്ന മനോഹാരിത ആസ്വദിക്കാനും കാട്ടരുവികളുടെ സംഗീതം കേള്‍ക്കാനും ചെറു മഴയത്ത് കോടമഞ്ഞിലൂടെ ആവോളം നടക്കാനും മഴയാത്രയിലാകും. മഴയുടെ ചെറു തണുപ്പത്ത് ചൂടന്‍ കരിപ്പെട്ടി കാപ്പിയോടൊപ്പം തനത് നാടന്‍ ഭക്ഷണമായ കപ്പയും കാന്താരി മുളകു ചമ്മന്തിയും ആസ്വദിച്ച് കഴിക്കാം. മഴക്കാലത്ത് നിറഞ്ഞൊഴുകുന്ന അതിരപ്പിള്ളി, വാഴച്ചാല്‍, ആനക്കയം, ചാര്‍പ്പ വെള്ളച്ചാട്ടങ്ങളും ഷോളയാര്‍, പെരിങ്ങല്‍ക്കുത്ത് അണക്കെട്ടുകളും യാത്രയില്‍ കാണാനാകും.

പുഴയുടെ അപൂര്‍വമായ രൗദ്ര ഭാവവും ചെക്ക് ഡാമിന് മുകളിലൂടെ പളുങ്ക് മണികള്‍ പോലെ വെള്ളമൊഴുകുന്ന ശലഭോദ്യാനവും തൂക്കു പാലവുമുള്ള തുമ്പൂര്‍മുഴിയുടെ മനോഹാരിതയും യാത്ര അവിസ്മരണീയമാക്കും. രാവിലെ 7.30ന് ചാലക്കുടി പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ നിന്ന് പുറപ്പെട്ട് രാത്രി ഏഴിന് തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര. യാത്രയില്‍ പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, കുടിവെള്ളം ഗൈഡിന്റെ സേവനം എന്നിവ ഉണ്ടാകും. ബാഗ്, കുട, തുടങ്ങിയ സമ്മാനങ്ങളും മഴയാത്രയില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കും. എ.സി. വാഹനത്തിലുള്ള മഴയാത്രയ്ക്ക് 1500 രൂപയാണ് നിരക്ക്. 0480 2769888.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!