പഞ്ഞമാസത്തിലെ ആധിയകറ്റാൻ വേടനെത്തി

മാലൂർ : കർക്കടക മാസത്തിലെ ദുരിതപ്പെയ്ത്തിനിടയിലും ഭക്തരുടെ ആധിയകറ്റാൻ വിവിധ പ്രദേശങ്ങളിലെ വീടുകളിൽ വേടനെത്തി.
കർക്കടകം ഒന്നാം തീയതിമുതൽ 16 വരെയാണ് വാദ്യഘോഷത്തിന്റെ അകമ്പടിയോടെ പ്രത്യേക വസ്ത്രം ധരിച്ച് തോറ്റംപാട്ടുകളുമായി വീടുകളിലെത്തുന്നത്. നിലവിളക്കും നിറനാഴിയുമായി ഭക്തർ വേടന്റെ വരവിനെ സ്വാഗതം ചെയ്യുന്നു.
നാളികേരവും നാഴിയരിയും പച്ചക്കറികളും ധാന്യങ്ങളും ദക്ഷിണയും വാങ്ങി ഭക്തർക്ക് അനുഗ്രഹവും നൽകിയാണ് വേടന്റെ മടക്കം. മലയ സമുദായക്കാരാണ് വേടൻ കെട്ടാറുള്ളത്. ആറാംതരത്തിൽ പഠിക്കുന്ന അനുവന്ത് ആണ് വേടൻ കെട്ടിയത്.