ക്ഷീരകർഷകർക്ക് നാലുരൂപ ഇൻസെന്റീവ് ഓഗസ്റ്റ് മുതൽ

തിരുവനന്തപുരം: ക്ഷീരസഹകരണസംഘങ്ങളിൽ പാലളക്കുന്ന കർഷകർക്കായി പ്രഖ്യാപിച്ച ലിറ്ററിന് നാലുരൂപ വീതമുള്ള ഇൻസെന്റീവ് ഓഗസ്റ്റ് ആദ്യം മുതൽ അക്കൗണ്ടിൽ ലഭ്യമാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി നിയമസഭയിൽ പറഞ്ഞു. അങ്കണവാടി കുട്ടികൾക്കുള്ള പാൽ ക്ഷീരസംഘങ്ങളിൽനിന്നോ മിൽമയിൽനിന്നോ വാങ്ങണമെന്ന് നിർദേശിച്ചതായും കെ.പി. മോഹനന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
ക്ഷീരകർഷകരെ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്താൻ കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രം അനുകൂല നടപടിയെടുക്കുന്നില്ല. എന്നാൽ, തീറ്റപ്പുൽക്കൃഷി, കാലിത്തൊഴുത്ത് നിർമാണം എന്നിവ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി. നഗരപ്രദേശങ്ങളിൽ രണ്ടുകന്നുകാലികളിൽ കൂടുതലുള്ളതും അവശത അനുഭവിക്കുന്നവരുമായ ക്ഷീരകർഷകരെ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 100 ദിവസത്തെ വേതനം നൽകുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.