മൂന്നാംപാലത്ത്‌ പാലം പ്രവൃത്തി അവസാനഘട്ടത്തിൽ

Share our post

കാടാച്ചിറ : മൂന്നാംപാലം വലിയ തോടിന് കുറുകെയുള്ള പാലത്തിന്റെ പ്രവൃത്തി ജൂലൈ അവസാനത്തോടെ പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുക്കും. പാലത്തിലേക്ക് കയറാനുള്ള റോഡില്‍ മണ്ണ് നിറക്കുന്ന പ്രവൃത്തിയും പൂർത്തിയായിവരുന്നു. കൂത്തുപറമ്പ്‌ ഭാഗത്ത് നിന്നും സമാന്തരറോഡിലേക്ക് കയറുന്ന സ്ഥലത്തുള്ള പാർശ്വഭിത്തി നിർമാണം നടക്കുന്നുണ്ട്. മുറിച്ചു മാറ്റിയ റോഡ് വീണ്ടും പുനർനിർമിക്കാതെ വേഗത്തിൽ പണി പൂർത്തിയാക്കി മെയിൻ റോഡ് തുറന്നു കൊടുക്കാനാണ് ഉദ്ദേശിക്കുന്നതെന്ന്‌ പൊതുമരാമത്ത്‌ വകുപ്പ്‌ അധികൃതർ അറിയിച്ചു. 12 മീറ്റർ നീളവും 11.05 മീറ്റർ വീതിയിലുമാണ് പുതിയ പാലം നിർമിച്ചത്.

കണ്ണൂർ–കൂത്തുപറമ്പ് റോഡിലെ മൂന്നാംപാലത്തിന്റെ പ്രവൃത്തി അഞ്ച് മാസം മുമ്പാണ് ആരംഭിച്ചത്. ഈ മാസം ആദ്യം തുറന്നു കൊടുക്കാനിരിക്കെയാണ്‌ മഴ ശക്തമായതും ക്വാറികളിൽ ഖനനം നിലച്ചതിനെ തുടർന്ന് നിർമാണവസ്തുക്കൾ കിട്ടാതായതും. നിർമാണ പ്രവൃത്തി നടക്കവെ വാഹനങ്ങൾക്ക് പോകാനായി നിർമിച്ച സമാന്തരറോഡ് കഴിഞ്ഞദിവസം വെള്ളക്കെട്ട് രൂക്ഷമായതിനാൽ മുറിച്ചു മാറ്റിയിരുന്നു.

ബദൽ റോഡിന്റെ ഇരുവശവും വെള്ളം കയറിയതിനാൽ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിരുന്നു. റോഡിന് ഒരുവശത്തായി കെട്ടിനിൽക്കുന്ന വെള്ളം വലിയ തോട്ടിലേക്ക് ഒഴുക്കിവിടാൻ താൽക്കാലികമായി നിർമിച്ച റോഡ് രണ്ടായി മുറിച്ച് ഗതാഗതം പൂർണമായി നിരോധിച്ചിരുന്നു.  

കലക്ടർ എസ്‌. ചന്ദ്രശേഖർ സ്ഥലത്തെത്തി പ്രവർത്തനം വിലയിരുത്തി. പെരളശേരി പഞ്ചായത്ത് പ്രസിഡന്റ്‌ എ.വി ഷീബ, വൈസ് പ്രസിഡന്റ്‌ വി. പ്രശാന്ത്, പി.ഡബ്ല്യു.ഡി എ.ഇ. വിപിൻ അണിയേരി, ഇ.ഇ എം. ഹരീഷ് എന്നിവരും കൂടെയുണ്ടായി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!