തലശ്ശേരി – മാഹി ബൈപ്പാസ് നിർമ്മാണം അന്തിമഘട്ടത്തിൽ

തലശ്ശേരി: കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് മുതൽ കേന്ദ്ര ഭരണ പ്രദേശമായ മയ്യഴി കടന്ന് കോഴിക്കോട് ജില്ലയിലെ അഴിയൂർ വരെ നീളുന്ന തലശ്ശേരി-മാഹി ബൈപ്പാസ് പ്രവൃത്തി 90 ശതമാനം പൂർത്തിയായി. ടാറിംഗ് ഏതാണ്ട് പൂർത്തിയായി. എന്നാൽ സർവീസ് റോഡുകളുടെ പണി ഇഴഞ്ഞുനീങ്ങുന്നു. സ്ഥലമെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണ്. ചിലയിടങ്ങളിൽ തർക്കവും നിലനിൽക്കുന്നുണ്ട്. തലശ്ശേരി നഗരസഭ, ന്യൂ മാഹി പഞ്ചായത്ത്, പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹി എന്നീ പ്രദേശങ്ങളിലാണ് സർവീസ് റോഡിന്റെ പ്രശ്നത്തിന് പരിഹാരമാവാത്തത്.
ബൈപ്പാസ് റോഡ് പ്രവൃത്തിയിൽ ധർമ്മടം- പാലയാട് ഭാഗത്തും, മാഹി റെയിൽവേ ഓവർ ബ്രിഡ്ജ് ഭാഗത്തും പ്രധാന ജോലികൾ അവശേഷിക്കുകയാണ്. ധർമ്മടം പുഴയ്ക്ക് കുറുകെ പണിയുന്ന പാലത്തിന് സമീപം വെള്ളക്കെട്ട് നിലനിൽക്കുന്നതിനാൽ 8 സ്‌പാൻ കൂട്ടണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ ഹൈവേ അതോറിറ്റി രണ്ട് സ്‌പാൻ കൂട്ടാനാണ് അനുമതി നൽകിയത്. ബാക്കി ഭാഗങ്ങൾ മണ്ണിട്ട് നികത്തും. എന്നാൽ മഴ കാരണം പ്രവൃത്തിയും മുടങ്ങിയിരിക്കുകയാണ്. ഇതര സംസ്ഥാന തൊഴിലാളികളിൽ ഭൂരിഭാഗവും നാട്ടിലേക്ക് പോയി. അതേസമയം ഹൈവേയുടെ അവസാന ഭാഗമായ അഴിയൂരിനടുത്ത് പണിയുന്ന റെയിൽവേ ഓവർബ്രിഡ്ജ് പ്രവൃത്തിയും അവശേഷിക്കുകയാണ്. റെയിൽവേയുടെ മേൽനോട്ടത്തിലാണ് ഇവിടെ ഓവർബ്രിഡ്ജ് പണിയേണ്ടത്. ലക്‌നൗവിൽ നിന്നും റെയിൽവേ ഉദ്യോഗസ്ഥർ എത്തേണ്ടതുണ്ട്. ബീമുകൾ ഇരുമ്പ് ഉപയോഗിച്ചാണ് നിർമ്മാണം. പില്ലറുകൾ ഇടുക മാത്രമാണ് ഇവിടെ നടന്നിട്ടുള്ളത്.
18.6 കിലോമീറ്റർ നീളത്തിൽ പണിയുന്ന ബൈപ്പാസ് പദ്ധതിയിൽ പള്ളൂർ സ്പിന്നിംഗ് മില്ലിന് സമീപത്തെ പെരിങ്ങാടി റോഡിൽ മാത്രമാണ് ഏക സിഗ്നൽ സംവിധാനമുള്ളത്. ഇതിന്റെ പണി പൂർത്തിയായി. കെൽട്രോൺ കമ്പനിയാണ് ഇത് പൂർത്തീകരിച്ചത്. പുതിയ മാഹി പാലത്തിന് കൈവരികൾ സ്ഥാപിക്കുന്ന പണിയും, മേൽപ്പാലങ്ങളിലും മറ്റും പെയിന്റടിക്കുന്ന പ്രവൃത്തിയും നടന്നുകൊണ്ടിരിക്കുന്നു. പള്ളൂർ ശ്രീനാരായണ സ്‌കൂളിന് സമീപത്തെ സംരക്ഷണ ഭിത്തി മഴയിൽ തകർന്ന് വീണത് പുതുക്കിപ്പണിയുന്ന പ്രവൃത്തിയും നടക്കുന്നുണ്ട്.