പേരാവൂർ ബ്ലോക്ക് ആരോഗ്യ മേള തുടങ്ങി

പേരാവൂർ : താലൂക്കാസ്പത്രിയുടെ നേതൃത്വത്തിലുള്ള ബ്ലോക്ക് ആരോഗ്യ മേള പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് തുടങ്ങി. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.സുധാകരൻ അധ്യക്ഷത വഹിച്ചു. സ്റ്റാളുകളുടെ ഉദ്ഘാടനം പേരാവൂർ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ എം. ശൈലജ ടീച്ചർ നിർവഹിച്ചു. മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ടി. ബിന്ദു, പേരാവൂർ ബ്ലോക്ക് പഞ്ചായത്തംഗം മൈഥിലി രമണൻ, പേരാവൂർ ടൗൺ വാർഡ് മെമ്പർ പൂക്കോത്ത് റജീന സിറാജ്, താലൂക്കാസ്പത്രി സൂപ്രണ്ട് ഡോ. ഗ്രിഫിൻ സുരേന്ദ്രൻ, ഹെല്ത്ത് ഇൻസ്‌പെക്ടർ കെ. മോഹനൻ, പി.ആർ.ഒ കെ. രേഷ്മ എന്നിവർ സംസാരിച്ചു.
ആരോഗ്യവകുപ്പ്,ഐ.സി.ഡി.എസ്, എക്‌സൈസ്, അഗ്നിരക്ഷാ സേന, കുടുംബശ്രീ, ആയുഷ്, ദേശീയ ആരോഗ്യ ദൗത്യം, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി എന്നിങ്ങനെ 18 സ്റ്റാളുകൾ മേളയിലുണ്ട്.
മേളയിൽ എത്തുന്നവർക്ക് ദന്ത പരിശോധന, കാഴ്ച പരിശോധന, ബ്ലഡ് പ്രഷർ-ഷുഗർ നിർണയം എന്നീ സൗകര്യങ്ങൾ സൗജന്യമാണ്. സെമിനാറുകൾ, കലാ മത്സരങ്ങൾ, ക്വിസ് മത്സരങ്ങൾ എന്നിവയുമുണ്ടാവും. പേരാവൂർ ബ്ലോക്ക് പരിധിയിലെ മുഴുവൻ പഞ്ചായത്തുകളെയും കേന്ദ്രീകരിച്ചാണ് മേള.