കൃഷിയിടത്തെ ഇനി തൊട്ടറിയാം മൊബൈൽ ആപ്പിലൂടെ
കണ്ണൂർ: നിർമിത ബുദ്ധിയുൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകൾ കാർഷികമേഖലയിൽ ഉപയോഗിക്കുന്നതിന് യുവ എൻജിനിയർമാർ വികസിപ്പിച്ച മൊബൈൽ ആപ്പ് പ്രയോഗത്തിലേക്ക്. കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജിൽനിന്ന് ബിരുദം നേടിയ മൂന്നുപേർ ചേർന്ന് സ്റ്റാർട്ടപ്പ് സംരംഭമായി വികസിപ്പിച്ച ‘കർഷക സഹായ മൊബൈൽ ആപ്പി’ന് നബാർഡിന്റെ സഹായവും ലഭിച്ചു.
കൃഷിക്കാരെ സഹായിക്കുന്നതിന് വികസിപ്പിച്ച മൊബൈൽ ആപ്പിന് ആദ്യമായാണ് നബാർഡിന്റെ സഹായം ലഭിക്കുന്നത്. ‘ഡീപ്പ് ഫ്ലോ ടെക്നോളജീസ്’ എന്ന സ്റ്റാർട്ടപ്പ് സംരംഭം വികസിപ്പിച്ചത് അത്രി ആനന്ദ് (സി.ഇ.ഒ.), വിഷ്ണു ബി. രാജ് (ചീഫ് ടെക്നോളജി ഓഫീസർ), എൻ.എസ്. സായന്ത് (ചീഫ് പ്രൊഡക്ട് ഓഫീസർ) എന്നിവർ ചേർന്നാണ്. സഹായികളായി 12 പേരടങ്ങിയ സാങ്കേതികവിദഗ്ധരും. മാങ്ങാട്ടുപറമ്പിലെ ‘മൈസോൺ’ എന്ന ഐ.ടി. സ്ഥാപനമാണ് ഇതിന്റെയും ആസ്ഥാനം.
‘ഫാം സെക്ടർ പ്രൊമോഷൻ ഫണ്ടി’ൽനിന്നാണ് ഈ സംരംഭത്തിന് സഹായധനം നൽകുന്നതെന്ന് നബാഡ് മാനേജർ ജിഷിമോൻ രാജൻ പറഞ്ഞു. പൈലറ്റ് പ്രോജക്ട് എന്ന നിലയിലാണ് ഇതിനെ പരിഗണിക്കുന്നത്.
കർഷകർക്ക് ലഭിക്കുന്ന സേവനങ്ങൾ
* ചിട്ടയായ കൃഷിഭൂമി സന്ദർശനങ്ങളും കൃഷിയുടെ എല്ലാ ഘട്ടങ്ങളിലുമുള്ള ഇടപെടലും.
* വ്യക്തിഗതമായ കാർഷിക ഉപദേശങ്ങൾ.
* ഉത്‌പന്നങ്ങൾ ഉയർന്ന വിലക്ക് വിൽക്കാനുള്ള സഹായം.
* കാലാവസ്ഥാപ്രവചനം.
* വളപ്രയോഗ നിർദേശങ്ങൾ.
* രോഗനിർണയവും പരിഹാരനിർദേശങ്ങളും.
