കൂത്തുപറമ്പ് മണ്ഡലം ജ്യോതിസ് പദ്ധതി 16-ന് തുടങ്ങും

പാനൂർ : കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലെ വിദ്യാഭ്യാസമേഖലയിൽ സമഗ്രമുന്നേറ്റം ലക്ഷ്യമിടുന്ന ജ്യോതിസ് വിദ്യാഭ്യാസപദ്ധതി 16-ന് തുടങ്ങും. ഉച്ചയ്ക്ക് 2.30-ന് പാനൂർ പി.ആർ.എം. ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.
മാർഗരേഖയുടെ പ്രകാശനവും നടത്തും. കെ.പി. മോഹനൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. അക്കാദമിക് കലണ്ടർ പ്രകാശനവും ജ്യോതിസ് പോർട്ടൽ സ്വിച്ച് ഓൺ കർമവും കെ.മുരളീധരൻ എം.പി. നിർവഹിക്കും. തലശ്ശേരി ഡി.ഇ.ഒ. എ.പി.അംബിക അക്കാദമിക് കലണ്ടർ ഏറ്റുവാങ്ങും. എസ്.എസ്.എൽ.സി, പ്ലസ്‌ടു പരീക്ഷകളിൽ നൂറുശതമാനം വിജയം നേടിയ വിദ്യാലയങ്ങൾക്ക് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉപഹാരം നൽകും. എസ്.എസ്.എൽ.സി. – പ്ലസ്‌ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെ പദ്ധതിയുടെ ഭാഗമായി പിന്നീട് അതത് സ്കൂളുകളിൽ നടക്കുന്ന ചടങ്ങിൽ ഉപഹാരം നൽകി അനുമോദിക്കും. പത്രസമ്മേളനത്തിൽ പദ്ധതിയുടെ വൈസ് ചെയർമാന്മാരായ ഡോ. കെ.വി. ശശിധരൻ, വി.പി. ചാത്തു, കോ-ഓർഡിനേറ്റർ ദിനേശൻ മഠത്തിൽ, മണ്ഡലം സമിതിയംഗം ഇ. സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.