റോഡ് നിർമാണത്തിനിടെ വീട്ടിലേക്കുള്ള വഴിയടച്ചു; പുറത്തിറങ്ങാനാകാതെ വൃദ്ധദമ്പതിമാർ
ഇരിട്ടി : റോഡ് നിർമാണത്തിനിടെ വീട്ടിലേക്കുള്ള വഴി മണ്ണിട്ട് അടച്ചതോടെ വീട്ടിൽനിന്ന് പുറത്തിറങ്ങാൻ പറ്റാതെ വൃദ്ധ ദമ്പതിമാർ. ജില്ലാ ഭരണകൂടത്തിൽനിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷയിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് അവർ.
വാണിയപ്പാറയിലെ തറപ്പേൽ മാത്യു(70), ഭാര്യ റോസമ്മ (65) എന്നിവരോടാണ് കരാർ കമ്പനിയുടേയും കെ.എസ്.ടി.പി.യുടേയും ക്രൂരത. റീബിൽഡ് കേരളയിൽ നവീകരണ പ്രവൃത്തി നടക്കുന്ന എടൂർ-കമ്പനിനിരത്ത്-വാണിയപ്പാറ, കച്ചേരിക്കടവ്-പാലത്തിൻ കടവ് റോഡ് നിർമാണത്തിനിടയിലാണ് വാണിയപ്പാറയിലെ തറപ്പേൽ മാത്യുവിന്റെ വീട്ടിന് മുന്നിൽ മണ്ണിറക്കിയത്. സ്ഥലം സൗജന്യമായി എടുത്താണ് വീതികൂട്ടുന്നത്. റോഡിനോട് ചേർന്നുള്ള മാത്യുവിന്റെ സ്ഥലവും റോഡിന് വീതികൂട്ടാനായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മാന്തി.
വീടിന് മുന്നിലെ താഴ്ന്ന റോഡ് ഉയർത്തുന്നതിന് പഴയ റോഡ് ഇളക്കി അല്പം മണ്ണിട്ടുയർത്തി. കൂടുതൽ ഉയർത്താൻ മാത്യുവിന്റെ വീട്ടിലേക്കുള്ള വഴിയിൽ ലോറിയിൽ മണ്ണും ഇറക്കി. വേനൽക്കാലത്ത് ഏറെ സാഹസപ്പെട്ടാണ് വീട്ടിലേക്ക് പോയിരുന്നത്. രണ്ടുമാസം കൊണ്ട് മണ്ണ് മാറ്റി നിർമാണം പൂർത്തിയാക്കുമെന്നായിരുന്നു കരുതിയിരുന്നത്.
നിർമാണം പാതിവഴിയിൽ നിർത്തിയതോടെയാണ് ഇവർ ദുരിതത്തിലായത്. കുന്നിറക്കത്തിലുള്ള പ്രദേശമായതിനാൽ മഴ ശക്തമായതോടെ ചെളിമണ്ണും മഴവെള്ളവും മാത്യുവിന്റെ വീടിന് മുന്നിൽ കെട്ടിനില്ക്കാൻ തുടങ്ങി. ഇതോടെ വീട്ടിൽനിന്ന് ഇറങ്ങുന്ന ചെറിയ വഴിയിലും മുട്ടോളം ചെളി നിറഞ്ഞു. ഇറക്കിയ മണ്ണും വീട്ടിലേക്കുള്ള വഴിയിൽ തന്നെ കിടക്കുകയാണ്. മണ്ണ് നീക്കാൻ പല തവണ എൻജിനിയറോടും കരാർ കമ്പനി പ്രതിനിധികളോടും ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം കുന്നിൻചെരിവിൽനിന്ന് വരുന്ന മഴവെള്ളം തടയാൻ മാത്യുവിന്റെ പറമ്പിനോട് ചേർന്ന് ഒാവുചാലെടുത്തു. വീട്ടുകാരുടെ അനുമതിയില്ലാതെയാണ് ഓവുചാൽ എടുത്തത്. ഇതോടെ പറമ്പിന്റെ പലഭാഗങ്ങളും ഇടിഞ്ഞ് റോഡിനോട് ചേർന്നു.
റോഡിലെ വെള്ളം കളയുന്നതിന് ഓവുചാലും കലുങ്കും ഇവിടെ നിർമിക്കണം. എന്നാൽ, കലുങ്ക് നിർമിക്കാതെ ചെറിയ പൈപ്പ് ഇട്ട് വെള്ളം ഒഴുക്കിവിടാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഇപ്പോൾ സ്ഥാപിച്ച പൈപ്പ് ചെളിയും മണ്ണും നിറഞ്ഞ് വെള്ളം ഒഴുകിപ്പോകാൻ പറ്റാത്ത അവസ്ഥയിലാണ്.
