മച്ചൂർമലക്കാരുടെ സ്വപ്‌നത്തിന് ചിറക് മുളച്ചു; കളിസ്ഥലത്തിനായ് കൈകോർത്ത് നാടൊന്നാകെ
മട്ടന്നൂർ : നാട്ടുകാരും യുവാക്കളും ജനപ്രതിനിധികളുമെല്ലാം ഒരുമിച്ചപ്പോൾ ഒരു വലിയ സ്വപ്‌നത്തിന്റെ പാതി വഴിയിലാണ് മച്ചൂർമലക്കാർ. യാത്രാ സൗകര്യം ആവശ്യത്തിനില്ലാത്ത പ്രദേശത്തുനിന്നും പഞ്ചായത്ത് സ്റ്റേഡിയത്തിൽ എത്തേണ്ട പ്രയാസം കാരണമാണ് നാട്ടിലെ യുവാക്കൾ സ്വന്തമായൊരു കളിസ്ഥലം എന്ന സ്വപ്‌നം കണ്ടുതുടങ്ങിയത്. നാട്ടുകാരും ജനപ്രതിനിധികളുമെല്ലാം ഒന്നിച്ചുനിന്നപ്പോൾ അതിന് പതിയെ ചിറക് മുളച്ചു. മച്ചൂർമല സ്‌കൂളിൽ ഒത്തുചേർന്ന് അവർ ജനകീയ കമ്മിറ്റി രൂപവത്കരിച്ചു. കമ്മിറ്റി വിശ്രമമില്ലാതെ പ്രവർത്തിച്ചു. നാട്ടുകാരുടെയും കായികപ്രേമികളുടെയുമെല്ലാം പിന്തുണയിൽ അഞ്ച് ലക്ഷം രൂപ സമാഹരിക്കുകയും ഒരേക്കർ 72 സെന്റ് സ്ഥലം വാങ്ങാൻ അഡ്വാൻസ് നൽകുകയും ചെയ്തു. സ്ഥലം ലഭ്യമായാൽ അടിസ്ഥാന സൗകര്യം ഒരുക്കി നൽകാമെന്ന് പഞ്ചായത്ത് അധികൃതരും എം.എൽ.എ.യും ഉറപ്പ് നൽകി. അഞ്ച് മാസത്തിനുള്ളിൽ ബാക്കി തുകകൂടി നൽകി സ്ഥലം സ്വന്തമാക്കാനുള്ള പരിശ്രമത്തിലാണ് നാടൊന്നാകെ.
തുക കണ്ടെത്താൻ സ്‌ക്രാപ്പ് ചലഞ്ച്, ബിരിയാണി ചലഞ്ച് ഉൾപ്പെടെ ഇതിനോടകം നടത്തിക്കഴിഞ്ഞു. കർക്കടക മരുന്ന് ചലഞ്ചുൾപ്പെടെ വ്യത്യസ്തങ്ങളായ ഫണ്ട് ശേഖരണ രീതികൾ വേറെയും ആലോചിക്കുന്നുണ്ട്. ഏഴ് പഴയ ബൈക്കുകളാണ് കഴിഞ്ഞ ദിവസം പ്രദേശത്തെ യുവാക്കൾ കളിസ്ഥല നിർമാണ കമ്മിറ്റിക്ക് സംഭാവന നൽകിയത്. ഒരു ദിവസത്തെ കൂലിയും, ഒരു മാസത്തെ പെൻഷനും കുട്ടികൾ അവരുടെ സമ്പാദ്യക്കുടുക്കയും നൽകി സ്വപ്‌നം സാക്ഷാത്‌കരിക്കാനുള്ള ശ്രമത്തിലാണ്.
