‘പരാതിപ്പെട്ടികള്‍’ സ്ഥാപിക്കാത്ത വിദ്യാലയങ്ങള്‍ക്ക് മേല്‍ നടപടി കര്‍ശനമാക്കും
പൊതുവിദ്യാഭ്യാസവകുപ്പ് നിരന്തരമായി ആവശ്യപ്പെട്ടിട്ടും പരാതിപ്പെട്ടി (ഡ്രോപ്പ് ബോക്‌സ്) സ്ഥാപിക്കാത്ത സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് വിദ്യാലയങ്ങളുടെ വിവരം ശേഖരിക്കുന്നു. പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ ഉത്തരവുപ്രകാരമാണ് നടപടി കര്‍ശനമാക്കുന്നത്.
ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനായി ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷന്‍ വികസിപ്പിച്ചെടുത്ത പോക്‌സോ ഓണ്‍ലൈന്‍ ഇ-പരാതിപ്പെട്ടികളുടെ സ്ഥിതിയും ഇതോടൊപ്പം പരിശോധിക്കും.
പരാതിവിവരങ്ങളുടെ രജിസ്റ്ററും പരിപാലിക്കണം
പരാതിപ്പെട്ടി തുറന്ന് പരിശോധിക്കാന്‍ പ്രധാനാധ്യാപകന്‍, ചുമതലപ്പെട്ട അധ്യാപിക, പി.ടി.എ. എക്‌സിക്യുട്ടീവ് കമ്മിറ്റിയിലെ ഒരംഗം, സ്‌കൂള്‍ ലീഡര്‍ എന്നിവരടങ്ങിയ കമ്മിറ്റിക്കാണ് ചുമതല.
പരാതിയുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തുന്ന രജിസ്റ്റര്‍ പരിപാലിക്കുകയും ചൊവ്വ, വെള്ളി ദിവസങ്ങളില്‍ യോഗം ചേര്‍ന്ന് അംഗങ്ങള്‍ രജിസ്റ്ററില്‍ ഒപ്പുവെക്കുകയും വേണം.പരാതിപ്പെട്ടിയുടെ സൂക്ഷിപ്പുചുമതല സ്ഥാപനമേധാവിക്കാണ്. കുട്ടികള്‍ക്ക് ആശങ്കയോ ഭയമോ ഇല്ലാതെ പ്രവേശിക്കാന്‍ പറ്റുന്നിടത്തും ശ്രദ്ധ കിട്ടുന്നിടത്തുമായിരിക്കണം പരാതിപ്പെട്ടി സ്ഥാപിക്കേണ്ടതെന്നാണ് മാര്‍ഗരേഖ.
ലൈംഗികാതിക്രമങ്ങള്‍ സംബന്ധിച്ച പരാതികളാണെങ്കില്‍ പോലീസിനോ ചൈല്‍ഡ് ലൈനിനോ വിവരങ്ങള്‍ കൈമാറണമെന്നും നിഷ്‌കര്‍ഷയുണ്ട്.
