ബെഞ്ചിൽ താളമിട്ടതിന് ആദിവാസി വിദ്യാര്‍ഥിയെ വാച്ച്‌മാൻ ക്രൂരമായി മർദ്ദിച്ചു

ബെഞ്ചിൽ താളമിട്ടതിന് പ്രീ-മെട്രിക് ഹോസ്‌റ്റൽ വിദ്യാർഥിയെ വാച്ച്‌മാൻ ക്രൂരമായി മർദിച്ചതായി പരാതി. അടിച്ചിൽതൊട്ടി ആദിവാസി കോളനി നിവാസിയായ പത്താം ക്ലാസ് വിദ്യാർഥി വിനോദിനെയാണ് മർദിച്ചത്. കുട്ടി വെറ്റിലപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. കൂടുതൽ പരിശോധനയ്‌ക്കായി ചാലക്കുടി താലൂക്ക് ആസ്പത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വാച്ച്‌മാൻ മധുവിനെ സസ്പെൻഡ് ചെയ്‌തു. അതിരപ്പിള്ളി പൊലീസ് വിദ്യാർഥിയുടെ മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചു.
വെറ്റിലപ്പാറ പ്രീ-മെട്രിക് ഹോസ്റ്റലിൽ തിങ്കളാഴ്‌ച രാവിലെ ഏഴോടെയാണ് സംഭവം. പഠിക്കാനിരിക്കുന്നതിനിടെ ബെഞ്ചിൽ തട്ടിയപ്പോൾ ദേഷ്യപ്പെട്ട വാച്ച്‌മാൻ മധു, മുറിയിൽപ്പോയി മുളവടികൊണ്ടുവന്ന് അടിക്കുകയായിരുന്നുവെന്ന് വിനോദ് പൊലീസിൽ മൊഴി നൽകി. നെഞ്ചിലും പുറത്തും അടിയേറ്റ പാടുകളുണ്ട്. മുമ്പും പല തവണ തനിക്കും സഹപാഠികൾക്കും വാച്ച്‌മാന്റെ മർദനം ഏൽക്കേണ്ടി വന്നതായും വിദ്യാർഥി പരാതിപ്പെട്ടു. സംഭവത്തിനുശേഷം സ്‌കൂളിലെത്തിയ വിദ്യാർഥി അധ്യാപികയെ വിവരമറിയിച്ചു. തുടർന്ന് അച്ഛനെ വിളിച്ചുവരുത്തി കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ചുവർഷമായി വിനോദ് ഇവിടെ താമസിച്ചാണ് പഠിക്കുന്നത്.
എസ്.സി – എസ്.ടി കമ്മീഷൻ കേസെടുത്തു
വെറ്റിലപ്പാറയിൽ ആദിവാസി ബാലന് മർദനമേറ്റ സംഭവത്തിൽ എസ്.സി– എസ്.ടി കമീഷൻ സ്വമേധയാ കേസെടുത്തു. കമ്മീഷൻ അംഗം എസ്. അജയകുമാറാണ് ഇക്കാര്യം അറിയിച്ചത്. അഞ്ചുദിവസത്തിനകം തൃശൂർ റൂറൽ എസ്.പി, ചാലക്കുടി ഡി.വൈ.എസ്.പി, ട്രൈബൽ വകുപ്പ് എന്നിവർ റിപ്പോർട്ട് നൽകണം.