പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വാടകവീട്ടിൽ എത്തിച്ച് പീഡനം; അമ്മയും കാമുകനും പിടിയിൽ

Share our post

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അമ്മയും അവരുടെ കാമുകനും അറസ്റ്റിൽ. ഒളിവിലായിരുന്ന അമ്മയും കേസിലെ ഒന്നാം പ്രതിയും അമ്മയുടെ കാമുകനുമായ റാന്നി പെരുനാട് കൊല്ലംപറമ്പിൽ ഷിബു ദേവസ്യയുമാണ് (46) പിടിയിലായത്. 

പെൺകുട്ടിയുടെ അമ്മയുടെ സഹോദരനടക്കം 3 പേരെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ സംഭവത്തിൽ 4 കേസുകളിലായി 5 പ്രതികളും പിടിയിലായി.  അയിരൂർ ഇടത്രമൺ മഹേഷ് ഭവൻ മഹേഷ് മോഹനൻ (ഉണ്ണി-32), തടിയൂർ കടയാർ വെട്ടിത്തറ ജിജോ ഈശോ ഏബ്രഹാം (46), പെൺകുട്ടിയുടെ അമ്മാവൻ (49 ) എന്നിവരാണ് നേരത്തേ അറസ്റ്റിലായത്.

ഷിബു തിരുവല്ല കുറ്റൂരിലെ തന്റെ വാടകവീട്ടിൽ എത്തിച്ചാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. അമ്മയുടെ സഹായത്തോടെയാണ് ഇതു നടന്നത്.  ഒളിവിൽ പോയ ഇവർ ആലപ്പുഴ പൂച്ചാക്കൽ പ്രദേശത്ത് ഉണ്ടെന്നറിഞ്ഞ് ശനിയാഴ്ച രാത്രി അവിടെയെത്തി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 

ഇടയ്ക്കിടെ കുട്ടിയുടെ അമ്മ ഭർത്താവുമായി വഴക്കിട്ടു വീട്ടിൽ നിന്ന് മാറിനിൽക്കുന്നത് പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ സ്വകാര്യ ബസിലെ ജീവനക്കാരനായ മഹേഷ്, കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചു. പിന്നീട് ജിജോയെയും കൂട്ടി പെൺകുട്ടിയുടെ വീട്ടിലെത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇവർ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുന്നത് കുട്ടിയുടെ പിതാവിന്റെ അമ്മ കണ്ടതോടേയാണു വിവരങ്ങൾ പുറത്തറിഞ്ഞത്. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ വിഷയത്തിൽ ഇടപെട്ടു. കൗൺസലിങ്ങിലാണ് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്. 

കുട്ടിയുടെ അമ്മാവൻ 2020 ജനുവരി മുതൽ 9 മാസത്തോളം വീട്ടിൽ വച്ച് നിരന്തരം പീഡിപ്പിച്ചതായും 6-ാം ക്ലാസ് മുതൽ 10-ാം ക്ലാസ് വരെയുള്ള കാലയളവിൽ തന്റെ സഹോദരൻ പീഡിപ്പിച്ചതായും കുട്ടി മൊഴി നൽകി. പ്രായപൂർത്തിയാകാത്ത സഹോദരനെ കഴിഞ്ഞ മാസം ജുവനൈൽ ഹോമിലേക്ക് അയച്ചിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!