മയക്കുമരുന്നുമായി നാല് യുവാക്കൾ കൂട്ടുപുഴയിൽ അറസ്റ്റിൽ

കൂട്ടുപുഴ: കാറിൽ കടത്തുകയായിരുന്ന മയക്കുമരുന്നുമായി നാലു യുവാക്കൾ കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ അറസ്റ്റിൽ. മയക്കുമരുന്നുകളുമായി ഫോക്സ് വാഗൺ കാറിൽ ബാംഗ്ലൂരിൽ നിന്നു വരികയായിരുന്ന കോഴിക്കോട് അഴിയൂർ സ്വദേശി ബൾക്കീസ് മഹലിൽ എം. ഷഹീദ് (32), ചൊക്ലി കീഴ്മാടം മർവ്വ മഹലിൽ എം. മുസമ്മിൽ(32), പാനൂർ താഴെ പൂക്കോം ബൈത്തുൽ ഔലാദിൽ സി.കെ. അഫ്സൽ (26), തില്ലങ്കേരി കാവുംപടി ചെക്യാട്ട് ഹൗസിൽ സി. അഫ്സൽ (25) എന്നിവരെയാണ് എക്സൈസ് ഇൻസ്പെക്ടർ ബി. അനുബാബുവും പാർട്ടിയും ചേർന്ന് പിടികൂടിയത്.
മാരക മയക്കുമരുന്നായ മെത്താഫിറ്റാമിൻ 11 ഗ്രാമും, 250 ഗ്രാം കഞ്ചാവും ഇവരിൽ നിന്ന് പിടിച്ചെടുത്തു. 2 ഗ്രാം മെത്താഫിറ്റാമിൻ കൈവശം വയ്ക്കുന്നത് തന്നെ ജാമ്യം ലഭിക്കാത്ത കുറ്റകൃത്യമാണ്. മയക്കുമരുന്ന് കടത്തിയ KA-01 MV- 6164 നമ്പർ ഫോക്സ് വാഗൺ കാർ, മൊബൈൽ ഫോൺ, ഒ.സി.ബി പേപ്പർ തുടങ്ങിയവ കസ്റ്റഡിയിലെടുത്തു.
പ്രതികളെയും തൊണ്ടി മുതലുകളും ഇരിട്ടി എക്സൈസ് റെയിഞ്ച് ഓഫീസിന് കൈമാറി. എക്സൈസ് കമ്മീഷണറുടെ ഉത്തര മേഖല സക്വാഡംഗങ്ങളായ എക്സൈസ് പ്രിവന്റീവ് ഓഫീസർ എം.പി. സജീവൻ, സിവിൽ എക്സൈസ് ഓഫീസർ പി. ജലീഷ് എന്നിവരും ഗ്രേഡ് പ്രിവന്റീവ് ഓഫീസർ പി. അനീഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ പി.എസ്. ശിവദാസൻ എന്നിവരും റെയ്ഡിൽ പങ്കെടുത്തു.