31 മോഷണകേസുകളിലെ പ്രതി സ്പൈഡർ സുനിയും കൂട്ടാളിയും അറസ്റ്റിൽ
കായംകുളം: കൃഷ്ണപുരത്ത് വീടുകുത്തിത്തുറന്ന് 20 പവൻ സ്വർണവും 5000 രൂപയും കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. കൃഷ്ണപുരം കിഴക്ക് അശ്വിൻഭവനത്തിൽ വാടകയ്ക്കു താമസിക്കുന്ന കൃഷ്ണപുരം കൊച്ചുമുറി കാവിലയ്യത്ത് സുനിൽ (സ്‌പൈഡർ സുനിൽ-44), പത്തിയൂർ എരുവ മൂടയിൽ ജങ്ഷന് സമീപം വേലൻപറമ്പിൽ സഫറുദ്ദീൻ (സഫർ-37) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞദിവസം അന്തരിച്ച കോൺഗ്രസ് നേതാവും കാപ്പിൽ സർവീസ് സഹകരണബാങ്ക് പ്രസിഡൻറുമായിരുന്ന കറുകത്തറയിൽ കെ.എം. ബഷീറിന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞമാസം 25-നാണ് സംഭവം. പ്രധാനവാതിൽ കമ്പിപ്പാരയുപയോഗിച്ച് കുത്തിത്തുറന്നാണ് സുനിൽ അകത്തുകടന്നത്. കിടപ്പുമുറിയിലെ അലമാരയിൽനിന്നാണ് ഇവ മോഷ്ടിച്ചത്. ബഷീർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സുനിൽ മോഷ്ടിക്കുന്ന സാധനങ്ങൾ സഫറുദ്ദീനാണ് വിൽക്കുന്നതെന്ന് പോലീസ് പറഞ്ഞു.
വയനകം, ഞക്കനാൽ, കാപ്പിൽ, മേനാത്തേരി, കട്ടച്ചിറ എന്നിവിടങ്ങളിൽ മോഷണം നടത്തിയതായി ചോദ്യം ചെയ്യലിൽ ഇവർ പോലീസിനോട് സമ്മതിച്ചു. മോഷണം നടന്ന വീടിനുസമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങളും മൊബൈൽഫോൺ രേഖകളും പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. ഡിവൈ.എസ്.പി. അലക്‌സ് ബേബി, എസ്.എച്ച്.ഒ. മുഹമ്മദ് ഷാഫി, ഉദയകുമാർ, ശ്രീകുമാർ, ദീപക്, വിഷ്ണു, ഷാജഹാൻ, അനീഷ്, റജി, ബിജുരാജ്, പ്രദീപ്, ഗിരീഷ്, മണിക്കുട്ടൻ, ഇയാസ്, നിഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
സുനിൽ 31 മോഷണകേസുകളിലെ പ്രതി
വാഹനമോഷണം ഉൾപ്പെടെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 31-ഓളം കേസിലെ പ്രതിയാണു സുനിൽ. മോഷണം നടത്തിക്കിട്ടുന്ന സ്വർണാഭരണങ്ങൾ വിറ്റുകിട്ടുന്നപണമുപയോഗിച്ച് ആഡംബരജീവിതമാണ് നയിക്കുന്നത്. പകൽ ബൈക്കിൽ കറങ്ങിനടന്ന് ആൾത്താമസമില്ലാത്ത വീടുകൾ നോക്കിവെച്ചശേഷം രാത്രിയിൽ മോഷണം നടത്തുന്നതാണ് ഇയാളുടെ രീതിയെന്നു പോലീസ് പറഞ്ഞു.
