മട്ടന്നൂരിൽ മയക്ക് മരുന്നുമായി യുവാവ് പോലീസിന്റെ പിടിയിൽ

മട്ടന്നൂർ: വാഹനപരിശോധനക്കിടെ ലഹരിമരുന്നുമായി യുവാവ് പോലീസ് പിടിയിലായി. കോട്ടയം പൊയിൽ ഫഹദ് മൻസിൽ ഫഹദ് ഫഹാജസാണ് (31) രാത്രി കാല വാഹന പരിശോധനക്കിടെ പിടിയിലായത്. പാലോട്ടുപള്ളിയിൽ വെച്ച് പോലീസ് കൈ കാണിച്ചിട്ടും നിർത്താതെ പോയ കാർ മട്ടന്നൂർ-കണ്ണൂർ റോഡ് ജങ്ങ്ഷനിൽ വെച്ചാണ് കസ്റ്റഡിയിലെടുത്ത് പ്രതിയെ പിടികൂടിയത്.
കാറിൻറെ ഡാഷ് ബോർഡിൽ മൂന്നു പ്ലാസ്റ്റിക് പാക്കറ്റുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു 75 ഗ്രാം തൂക്കം വരുന്ന എം.ഡി.എ.എ എന്ന മാരക ലഹരി വസ്തു. ലഹരി മരുന്ന് പിടികൂടുന്ന കേസുകളിലെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുന്നതിന്നുള്ള കർശന നടപടി സ്വീകരിക്കുമെന്നും നേരത്തെ കണ്ണൂരിൽ ലഹരി മരുന്ന് പിടികൂടിയ രണ്ടു കേസുകളിലായി നാല് പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുന്നതിനുള്ള നടപടികൾ പൂർത്തിയായി വരുന്നതായും സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ ഐ.പി.എസ് അറിയിച്ചു.
മട്ടന്നൂർ എസ്.ഐ ശശിധരന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രമോദ്, സി.പി.ഒ വിനോദ്, പ്രത്യേക ടീം അംഗങ്ങളായ എസ്.ഐ. റാഫി അഹമ്മദ്, ബിനു, രാഹുൽ, രജിൽ, അനൂപ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.