തടവുകാരെ വിട്ടയക്കാൻ പ്രത്യേക പദ്ധതി; പെരുമാറ്റം അടിസ്ഥാനമാക്കും
ന്യൂഡല്‍ഹി: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി തടവുകാരെ നിബന്ധനകള്‍ക്ക് വിധേയമായി വിട്ടയക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം. തടവുകാരുടെ കഴിഞ്ഞ മൂന്നുവര്‍ഷത്തെ പെരുമാറ്റം അടിസ്ഥാനമാക്കി മൂന്നുഘട്ടങ്ങളിലായി വിട്ടയക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും മന്ത്രാലയം നിര്‍ദേശം നല്‍കി. 50 വയസ് തികഞ്ഞ സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും ശിക്ഷയില്‍ ഇളവുനല്‍കും.
60 വയസ്സിനുമുകളിലുള്ള പുരുഷന്മാരെയും മൊത്തം ശിക്ഷയുടെ പകുതി പൂര്‍ത്തിയാക്കിയ 70 ശതമാനം വൈകല്യമുള്ള ഭിന്നശേഷിക്കാരെയും പദ്ധതിയില്‍പ്പെടുത്തും. ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയെങ്കിലും പിഴയും മറ്റും അടയ്ക്കാനാവാതെ ജയിലില്‍ത്തന്നെ കഴിയുന്ന നിര്‍ധനരായവര്‍ക്കും പ്രയോജനം ലഭിക്കും. 18-21 വയസ്സിനിടയില്‍ കുറ്റകൃത്യം ചെയ്തവരാണെങ്കില്‍ മറ്റ് ക്രിമിനല്‍ കേസുകള്‍ ഇല്ലെങ്കില്‍ ശിക്ഷാ കാലാവധിയുടെ 50 ശതമാനം പൂര്‍ത്തിയാക്കിയാല്‍ ഇളവിന് പരിഗണിക്കാമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
അതേസമയം, വധശിക്ഷ, ജീവപര്യന്തം, ബലാത്സംഗം, ഭീകരവാദം, സ്ത്രീധനമരണങ്ങള്‍, കള്ളപ്പണം വെളുപ്പിക്കല്‍, സ്ഫോടനങ്ങള്‍, ഔദ്യോഗിക രഹസ്യനിയമം, അഴിമതിനിരോധന നിയമം, കള്ളനോട്ട്, മനുഷ്യക്കടത്ത്, തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് പദ്ധതി ബാധകമാകില്ല. ഇന്ത്യയിലെ ജയിലുകളില്‍ 2020-ലെ കണക്കനുസരിച്ച് ഉള്‍ക്കൊള്ളാനാവുന്നതിലുമധികം തടവുകാരുണ്ട്. 4.03 ലക്ഷംപേരെ പാര്‍പ്പിക്കാനുള്ള സൗകര്യത്തില്‍ 4.78 ലക്ഷംപേരാണുള്ളത്. ഇതില്‍ ഒരുലക്ഷത്തോളം സ്ത്രീ തടവുകാരാണ്.
തടവുകാരെ 2022 ഓഗസ്റ്റ് 15, 2023 ജനുവരി 26, ഓഗസ്റ്റ് 15 എന്നീ തീയതികളിലാണ് വിട്ടയക്കുക. കഴിഞ്ഞ മൂന്നുവര്‍ഷമായി ശിക്ഷാനടപടിയില്ലാതെ സ്ഥിരമായി നല്ല പെരുമാറ്റം പുലര്‍ത്തുന്ന കുറ്റവാളികളെയാണിത്. മുതിര്‍ന്ന സിവില്‍, പോലീസ് ഓഫീസര്‍മാരടങ്ങുന്ന സംസ്ഥാനതല സ്‌ക്രീനിങ് കമ്മിറ്റിയുടെ സമഗ്രപരിശോധനയ്ക്ക് ശേഷമാവണം വിട്ടയക്കല്‍. കേന്ദ്രസര്‍ക്കാരിന്റെ അനുമതി വാങ്ങേണ്ട കേസുകളാണെങ്കില്‍ ആഭ്യന്തരമന്ത്രാലയത്തിന് ശുപാര്‍ശ നല്‍കണം. വിദേശ പൗരന്മാരുടെ കാര്യത്തില്‍ വിദേശകാര്യമന്ത്രാലയത്തിന്റെയും അനുമതി തേടണം.
