‘കണ്ണൂർ ഫെനി’യുടെ വില്പന ബിവറേജസ് കോർപ്പറേഷനിലൂടെ
കണ്ണൂർ: കശുമാങ്ങയിൽനിന്ന് നിർമിക്കുന്ന വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്പന സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ ഏറ്റെടുക്കും. ഫെനിയുടെ വില്പന ഏറ്റെടുക്കുന്നത് സംബന്ധിച്ച് പയ്യാവൂർ സഹകരണ ബാങ്ക് പ്രസിഡന്റ് ടി.എം. ജോഷിയുമായി പ്രാഥമിക ചർച്ച നടത്തിയെന്ന് ബിവറേജസ് കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ എസ്. ശ്യാംസുന്ദർ പറഞ്ഞു. ഫെനി നിർമിക്കാൻ അന്തിമാനുമതി ലഭിക്കുന്നതിന് മുൻപാണ് ചർച്ച നടത്തിയത്.
വിലയും മറ്റു കാര്യങ്ങളും ചർച്ചയിലൂടെ നിശ്ചയിക്കും. ഉത്‌പാദനച്ചെലവ് എത്രയെന്ന് അറിയണം. പഴങ്ങളിൽനിന്ന് ഉത്‌പാദിപ്പിക്കുന്ന വീര്യംകുറഞ്ഞ മദ്യം വില്പന നടത്തുന്നത് സംബന്ധിച്ച് എക്സൈസ് മന്ത്രി എം.വി. ഗോവിന്ദൻ മൂന്നുമാസം മുൻപ് കോർപ്പറേഷൻ അധികൃതരുമായി പ്രത്യേക ചർച്ച നടത്തിയിരുന്നുവെന്നും ഇദ്ദേഹം പറഞ്ഞു.
ഉത്തര മലബാറിൽ കശുമാങ്ങയും മധ്യതിരുവിതാംകൂറിൽ കൈതച്ചക്കയും ഉപയോഗിച്ച് ഉത്‌പാദിപ്പിക്കുന്ന മദ്യം വില്പന നടത്തുന്നതിനെക്കുറിച്ചാണ് ചർച്ചകൾ നടന്നത്.
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയാണ് കൈതച്ചക്ക ഉത്‌പാദിപ്പിക്കുന്ന പ്രധാന കേന്ദ്രം. വിപണി കിട്ടാത്തതിനാൽ ലക്ഷക്കണക്കിന് രൂപയുടെ കൈതച്ചക്കയാണ് പാഴാകുന്നത്. കർഷരെ സഹായിക്കുകയാണ് പഴങ്ങൾ കൊണ്ട് മദ്യം ഉത്‌പാദിപ്പിക്കുന്നതിന്റെ ലക്ഷ്യം.
