ദേശീയപാതക്കായി വയലിന് കുറുകെ മണ്ണിട്ടുയർത്തി; മഴവെള്ളം വീടുകളിലേക്ക്
കണ്ണൂർ : ദേശീയപാത വികസനത്തിന്റെ ഭാഗമായി വയലിന് കുറുകെ മണ്ണിട്ടുയർത്തിയ എളയാവൂർ പുല്യാഞ്ഞോട്ട് ഭാഗത്ത് വീടുകളിലേക്ക് വെള്ളം കയറാൻ തുടങ്ങി. വെള്ളക്കെട്ട് രൂപപ്പെടുമെന്ന് ചൂണ്ടിക്കാട്ടി ഈ ഭാഗത്ത് നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി നേരത്തേ രംഗത്തെത്തിയിരുന്നു. ദേശീയപാത നിർമാണ മേഖലയിലെ വെള്ളക്കെട്ട് ഭീഷണി തടയാൻ കലക്ടർ ഇടപെട്ട് അടിയന്തര നടപടിക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ ഈ ഭാഗത്ത് പാലം വേണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടിരുന്നില്ല. വയലിന് കുറുകെ മണ്ണിട്ടതോടെ മഴവെള്ളം കാനാം പുഴയിലേക്ക് ഒഴുകാതെ തടസ്സപ്പെട്ടിരിക്കുകയാണ്.
വെള്ളം ഒഴുകാൻ മണ്ണിനടിയിൽ പൈപ്പുകൾ സ്ഥാപിച്ചിരുന്നെങ്കിലും മണ്ണിട്ട ഭാഗത്തിന് മുകളിലൂടെയാണ് നിലവിൽ വെള്ളം ഒഴുകുന്നത്. ഇന്നലെ രാവിലെ ജില്ലിയിട്ടതോടെയാണ് ഒഴുക്ക് പൂർണമായും തടസ്സപ്പെട്ട് വെള്ളം കയറിത്തുടങ്ങിയത്. പുല്യാഞ്ഞോട്ട് താഴെ ശാന്ത, താഴെ വീട്ടിൽ ദേവദാസ് എന്നിവരുടെ വീട്ടുമുറ്റത്തേക്ക് വെള്ളം കയറിയതിനെത്തുടർന്ന് വീട്ടുകാർ ജാഗ്രതയിലാണ്. ശാന്ത വീട്ടിൽ തനിച്ചാണ് താമസം. വീടിന് കാലപ്പഴക്കവും ഏറെയുണ്ട്. വീടിന് ചുറ്റും വെള്ളക്കെട്ട് അധികമായാൽ തകരുമോ എന്ന ആശങ്കയുമുണ്ട്. തനിച്ച് താമസിക്കുന്ന താൻ എവിടെ പോകുമെന്ന് ശാന്ത ചോദിക്കുന്നു.
സ്ഥലത്തെ മറ്റ് വീട്ടുകാരും സമാന അവസ്ഥയിലാണ്. എളയാവൂർ വയലിൽ മഴക്കാലത്ത് സ്വതവേ വെള്ളക്കെട്ട് രൂക്ഷമാണ്. ദേശീയപാത നിർമാണത്തിന് മണ്ണിടുന്നതിനു മുൻപു തന്നെ നാട്ടുകാരും കർഷകരും വയൽ പാടശേഖര സമിതികളും വയലിലൂടെ പാലം നിർമിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആവശ്യം പരിഗണിക്കാതെ മണ്ണിടാൻ തുടങ്ങിയപ്പോൾ നാട്ടുകാരും കർഷകരും റോഡ് പ്രവൃത്തി തടസ്സപ്പെടുത്തി സമരം തുടങ്ങിയിരുന്നു.
