എസ്.സി-എസ്.ടി വിഭാഗത്തിൽനിന്ന് 500 പേർക്ക് കരാർ നിയമനം നൽകാൻ ഉത്തരവ്

തിരുവനന്തപുരം : പട്ടികജാതി -വർഗ വിഭാഗത്തിൽനിന്ന് 500 പേർക്ക് കരാർ നിയമനം നൽകാൻ ഉത്തരവ്. എഞ്ചിനീയറിങ് വൈദഗ്ധ്യം ആവശ്യമുള്ള പദ്ധതികളുടെ നിർവഹണത്തിന് സിവിൽ എഞ്ചിനീയറിങ് ബിരുദം- ഡിപ്ലോമ- ഐ.ടി.ഐ യോഗ്യതയുള്ള 35 വയസിൽ താഴെയുള്ളവരെയാണ് രണ്ട് വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നത്. പ്രതിമാസം 18,000 രൂപയാണ് ഓണറേറിയം.
അംബേദ്കർ ഗ്രാമം, അംബേദ്കർ സെറ്റിൽമന്റെ് വികസന പദ്ധതി, കോർപ്പസ് ഫണ്ട് ഉപയോഗിച്ചുള്ള പശ്ചാത്തലവികസന പദ്ധതികൾ, പഠനമുറി നിർമാണം, ഭവന പൂർത്തീകരണം, ഭവന നിർമാണം, വികസന പദ്ധകിൾക്കായി സാധ്യതാ തയാറാക്കുമ്പോൾ സാങ്കേതിക പരിശോധനയിൽ സഹായിക്കൽ തുടങ്ങിയവയാണ് ഇവരുടെ ചുമതല. ലൈഫ് മിഷൻ നടപ്പാക്കുന്ന ഭവന മിർമാണ പദ്ധതി നിർവഹണവും ഇവരെ ഏൽപ്പിക്കും.
അഭിമുഖത്തിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നിർമാണ മേഖലയിലെ വിവിധ പദ്ധതികൾ, പുതിയ പ്രവണതകൾ, എഞ്ചിനിയറിങ് സോഫ്റ്റ് നെയറുകൾ എന്നിവയെപ്പറ്റി കിലയുടെ ആഭിമുഖ്യത്തിൽ പരിശീലനം നൽകും. വിജയകരമായി പരിശീലനം പൂർത്തീകരിക്കുന്നവർക്ക് വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ ഒരു വർഷം നിയമനം നൽകും. പ്രവർത്തന മികവ് വിലയിരുത്തി ഒരു വർഷം കൂടി നീട്ടി നൽകും.
ആഴ്ചയിൽ മുന്ന് ദിവസം നയന്ത്രണ ഉദ്യോഗസ്ഥരുടെ നിർദേശാനുലസരണം ഫീൽഡ് സന്ദർശനം നടത്തണം. ഗ്രാമ പഞ്ചായത്തുകളിൽ -96, ബ്ലോക്ക് പഞ്ചായത്തുകളിൽ -152, മുൻസിപ്പാലിറ്റികൾ -174 കോർപ്പറേഷൻ- 18, ജില്ലാഓഫിസ് -56, ഡയറക്ടറേറ്റ് – നാല് പേരെയുമാണ് നിയമിക്കുന്നത്.