പേരാവൂർ താലൂക്കാസ്പത്രിയിൽ ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കുന്ന പ്രവൃത്തി തുടങ്ങി
പേരാവൂർ: താലൂക്കാസ്പത്രിയിലെത്തിച്ച ലിക്വിഡ് ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കാനുള്ള പ്രവൃത്തിയാരംഭിച്ചു. ആസ്പത്രി ഫാർമസിക്ക് സമീപം മുകൾ ഭാഗത്താണ് പ്ലാന്റ് സ്ഥാപിക്കുന്നത്. പ്ലാന്റ് സ്ഥാപിക്കുന്ന സ്ഥലത്തുള്ള ആസ്പത്രിയുടെ ഉപയോഗശൂന്യമായ ആമ്പുലൻസ് ജെ.സി.ബിയുപയോഗിച്ച് മാറ്റി നിർമാണ പ്രവർത്തികൾ തുടങ്ങി. ഒരാഴ്ചക്കകം പ്ലാന്റ് സ്ഥാപിക്കാൻ കഴിയുമെന്ന് കരാറെടുത്ത കമ്പനിയുടെ എഞ്ചിനീയർ അൻസാർ പറഞ്ഞു.
മാസങ്ങൾക്ക് മുൻപെത്തിച്ച ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കാനുള്ള സ്ഥലത്തെ ചൊല്ലി വിവാദം ഉയർന്നിരുന്നു. ഇത് കാരണമാണ് പ്ലാന്റ് സ്ഥാപിക്കുന്നത് വൈകിയത്. പ്ലാന്റ് സ്ഥാപിക്കാൻ വൈകുന്നതിനെതിരെ ആസ്പത്രി സംരക്ഷണ സമിതിയും പേരാവൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന പേരാവൂർ ഫോറം വാട്ട്‌സാപ്പ് കൂട്ടായ്മയും ശക്തമായി രംഗത്തെത്തിയിരുന്നു.
സംഭവം കൂടുതൽ വഷളാവുമെന്ന സ്ഥിതി വന്നതോടെയാണ് ആസ്പത്രി മാനേജ്‌മെന്റ് കമ്മിറ്റി അടിയന്തരമായി ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കാൻ തീരുമാനമെടുത്തത്.