ആദിവാസികൾക്ക് തൊഴിലും കൂലിയും; ആറളത്ത് അഞ്ച് ഏക്കറിൽ പൂകൃഷി
ഇരിട്ടി : ആറളം ഫാം ആദിവാസി പുനരധിവാസമേഖലയിലെ കുടുംബങ്ങൾക്ക് തൊഴിലും കൂലിയും ലക്ഷ്യമാക്കി ഫാമിൽ അഞ്ച് ഏക്കറിൽ പൂകൃഷി പദ്ധതി തുടങ്ങി. ആറളം ഗ്രാമപ്പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ തരിശായി കിടന്ന പ്രദേശം കാട് വെട്ടിത്തെളിച്ചാണ് കൃഷിയിറക്കുന്നത്.
ഓണംവിപണി ലക്ഷ്യമാക്കി ആരംഭിച്ച പദ്ധതിയിൽ ചെണ്ടുമല്ലി, വാടാർമല്ലി എന്നിവയാണ് കൃഷിയിറക്കുന്നത് തൈകൾ സൗജന്യമായി സ്വാശ്രയ ഗ്രൂപ്പുകൾക്ക് നൽകും. വളപ്രയോഗവും മരുന്നുതെളിക്കലും അനുബന്ധപ്രവർത്തനങ്ങളും അഗ്രോസർവീസ് സെന്ററിന്റെ സഹായത്തോടെ നടപ്പാക്കും.
പൂകൃഷിയുടെ തൈനടീൽ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ നിർവഹിച്ചു. ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജെസ്സിമോൾ, സ്ഥിരംസമിതി അധ്യക്ഷൻമാരായ ജോസ് അന്ത്യാംകുളം, വത്സാ ജോസ്, ഇ.സി. അനീഷ്, ആറളം കൃഷിഭവൻ സീനിയർ കൃഷി അസിസ്റ്റന്റ് സി.കെ. സുമേഷ് എന്നിവർ പങ്കെടുത്തു.