വൃദ്ധരെ നട തള്ളില്ല; കൂടെയുണ്ട് കതിരൂർ

Share our post

കതിരൂർ: വയോജനങ്ങളെ അകറ്റിനിർത്തുകയും അവർക്ക് സംരക്ഷണം നൽകാതെ ഉപേക്ഷിക്കുകയും ചെയ്യുന്ന പുതുതലമുറയ്ക്ക് മാതൃകയാവുകയാണ് കതിരൂർ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെയും കുടുംബശ്രീ സി.ഡി.എസിന്റെയും ആഭിമുഖ്യത്തിൽ ഇന്ന് കതിരൂർ പഞ്ചായത്തിൽ വയോജന സംഗമവും സെമിനാറും സംഘടിപ്പിച്ചു. രാവിലെ 10ന് പഞ്ചായത്ത് ഹാളിൽ നടക്കുന്ന സെമിനാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി സനിൽ ഉദ്ഘാടനം ചെയ്തു.

വയോജന സൗഹൃദ ഗ്രാമം എന്ന നിലയിൽ കതിരൂർ ഗ്രാമപഞ്ചായത്ത് വയോജനങ്ങളുടെ ഉന്നതിക്കുവേണ്ടി നിരവധി പ്രവർത്തനങ്ങളാണ് നടത്തുന്നത്. കുടുംബശ്രീ സി.ഡി.എസ് എല്ലാ വാർഡുകളിലും വയോജന അയൽക്കൂട്ടം നേരത്തെ രൂപീകരിച്ചിട്ടുണ്ട്. ഇതിൽ ചിലത് പ്രവർത്തനക്ഷമമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രവർത്തനക്ഷമമായ അയൽക്കൂട്ടങ്ങളിൽ നിന്നും തിരഞ്ഞെടുത്ത വയോജനങ്ങളെയും വയോജന അയൽക്കൂട്ടം രൂപീകരണത്തിന് സഹായിച്ച ആളുകളെയും കൂട്ടിച്ചേർത്താണ് സംഗമവും സെമിനാറും സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഭാഗമായി വയോജനങ്ങൾക്കുവേണ്ടി പ്രത്യേകം ക്ലാസ്സുകളും കലാപരിപാടികളും സംഘടിപ്പിക്കും.

കതിരൂർ പഞ്ചായത്തിന്റെയും ബ്ലോക്ക്‌ പഞ്ചായത്തിന്റെയും കീഴിൽ രണ്ട് വയോജന വിശ്രമകേന്ദ്രങ്ങൾ പ്രവർത്തിച്ചു വരുന്നുണ്ട്. ഇവിടെ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് രാവിലെ മുതൽ വൈകുന്നേരം വരെ വിശ്രമിക്കുന്നതിനും ഭക്ഷണം ഉൾപ്പെടെ ഉള്ള എല്ലാ ക്രമീകരണങ്ങളും പഞ്ചായത്ത് ഒരുക്കിയിട്ടുണ്ട്. അതോടൊപ്പംതന്നെ ഈ രണ്ട് കേന്ദ്രങ്ങളിലും വയോജനങ്ങൾക്ക് ആവശ്യമായ വിനോദ ഉപകരണങ്ങളും വ്യായാമ ഉപകരണങ്ങളും ഫലപ്രദമായി ഉപയോഗിച്ചുവരുന്നു. സെമിനാറിന്റെ തുടർച്ചയായി സെപ്റ്റംബറിൽ വയോജനങ്ങൾക്കുവേണ്ടിയുള്ള പ്രത്യേക കലാമേളയും സംഘടിപ്പിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!