ഒന്നര വർഷം വീട്ടുതടങ്കലിൽ, റോഡിൽ നിന്ന് വലിച്ചെറിയുന്ന പൊറോട്ട ഭക്ഷണം; അറുപതുകാരനെ ആശുപത്രിയിലാക്കി

Share our post

ആലുവ : ഒന്നര വർഷമായി ഗേറ്റ് പൂട്ടി വീട്ടു തടങ്കലിൽ പാർപ്പിച്ചിരുന്ന അറുപതുകാരനെ ജനപ്രതിനിധികളും ആരോഗ്യ പ്രവർത്തകരും ചേർന്ന് രക്ഷപ്പെടുത്തി ജനറൽ ആശുപത്രിയിലാക്കി. അമ്പാട്ടുകാവ് മെട്രോ യാഡിന് സമീപം സജിതാലയത്തിൽ രാധാകൃഷ്ണനെയാണ് പൊലീസിന്റെ സാന്നിധ്യത്തിൽ രക്ഷപ്പെടുത്തിയത്. രാധാകൃഷ്ണൻ സുഖപ്പെടുന്ന മുറയ്ക്ക് മൊഴിയെടുത്ത് ഉത്തരവാദികൾക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.

ഏലൂരിൽ സ്വകാര്യ വ്യവസായ സ്ഥാപനത്തിൽ തൊഴിലാളിയായിരുന്നു രാധാകൃഷ്ണൻ. ജോലിക്കിടെ അപകടത്തിൽ കാലിന് പരിക്കേറ്റ് വീട്ടിൽ കിടപ്പായി. ഇപ്പോൾ എഴുന്നേറ്റു നടക്കാം. എന്നാൽ, കാലിലെ വ്രണവും പഴുപ്പും ഗുരുതരാവസ്ഥയിലാണ്. ഭാര്യയും മകളും ഉണ്ടെങ്കിലും ഏറെക്കാലമായി അവരുമായി ബന്ധമില്ല. ഒറ്റയ്ക്കാണ് കഴിഞ്ഞിരുന്നത്. രണ്ടാഴ്ചയിലൊരിക്കൽ ബന്ധുക്കൾ റോഡിൽ നിന്ന് അകത്തേക്ക് വലിച്ചെറിയുന്ന പൊറോട്ടയും മറ്റുമായിരുന്നു ഏക ഭക്ഷണം. ഇടക്കാലത്ത് അതും മുടങ്ങി. 

പിന്നീട് അയൽക്കാരുടെ തണലിലായി ജീവിതം. വിശപ്പും കാലിലെ വേദനയും സഹിക്കാനാവാതെ ഇന്നലെ ഗേറ്റിന് മുന്നിൽ വന്നു കരഞ്ഞപ്പോഴാണ് നാട്ടുകാർ പഞ്ചായത്തിലും ആരോഗ്യ വകുപ്പിലും അറിയിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ്, സ്ഥിരം സമിതി അധ്യക്ഷൻ മുഹമ്മദ് ഷെഫീക്, വാർഡ് അംഗം റംല അലിയാർ തുടങ്ങിയവരാണ് സഹായവുമായി എത്തിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!