അനസ്തീഷ്യ മെഷിൻ തകരാറിൽ; ജില്ലാ ആസ്പത്രിയിൽ ശസ്ത്രക്രിയ മുടങ്ങുന്നു

Share our post

കണ്ണൂർ: ജില്ലാ ആസ്പത്രി ഓപ്പറേഷൻ തിയേറ്ററിലെ അനസ്തീഷ്യ വർക്ക്സ്റ്റേഷന്റെ പ്രവർത്തനം നിലച്ചു. ഇതേത്തുടർന്ന് ആസ്പത്രിയിൽ ജനറൽ അനസ്തീഷ്യ നൽകി ചെയ്യേണ്ട ശസ്ത്രക്രിയകൾ മുടങ്ങുകയാണ്. രണ്ടും മൂന്നും ശസ്ത്രക്രിയകൾ നിത്യേന മാറ്റേണ്ടിവരുന്നു. എന്നാൽ മറ്റ്‌ ശസ്ത്രക്രിയകളെല്ലാം വിവിധ വിഭാഗങ്ങളിൽ സാധാരണനിലയിൽ നടക്കുന്നുണ്ട്.

മെഷിൻ തകരാറിലായിട്ട് കുറച്ചുദിവസങ്ങളായി. കമ്പനി അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് ബെംഗളൂരുവിൽനിന്ന്‌ ടെക്‌നീഷ്യൻമാർ എത്തിയിരുന്നു. ഡിസ്‌പ്ലേ തകരാറാണെന്നാണ് ആദ്യം സംശയിച്ചത്. ഡിസ്‌പ്ലേ മാറ്റിയിട്ടും മെഷിന്റെ പ്രവർത്തനം ശരിയായില്ല. ബോർഡിന്റെ തകരാറായിരിക്കുമെന്ന നിഗമനത്തിൽ ഇപ്പോൾ മൂന്ന്‌ ഭാഗങ്ങൾക്ക് ഓർഡർ നൽകിയിരിക്കയാണ്. രണ്ടുമൂന്നു ദിവസത്തിനകം ഓർഡർചെയ്ത ഭാഗങ്ങൾ എത്തി ഉപകരണം പൂർവസ്ഥിതിയിൽ ആക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനറൽ ഇലക്ട്രിക് കമ്പനിയുടെ അനസ്തീഷ്യ വർക്ക്സ്റ്റേഷൻ 11 വർഷം മുൻപാണ് ആസ്പത്രിയിൽ സ്ഥാപിച്ചത്.

വെന്റിലേറ്റർ അടക്കമുള്ള സംവിധാനമാണ് അനസ്തീഷ്യ വർക്ക്സ്റ്റേഷൻ. അനസ്തീഷ്യയുമായി ബന്ധപ്പെട്ട് വാതകങ്ങളുടെ ഒഴുക്കിനെ ക്രമീകരിക്കുന്നതുൾപ്പടെ സുപ്രധാന പ്രവർത്തനങ്ങൾ നടക്കുന്നത് ഈ മെഷിനിലാണ്. ആസ്പത്രിയിൽ സജ്ജമാകുന്ന പുതിയ കെട്ടിടത്തിൽ ആധുനിക ഓപ്പറേഷൻ തീയേറ്ററുകളിൽ മൂന്ന് അനസ്തീഷ്യ വർക്ക്സ്റ്റേഷനുകൾ സജ്ജമാക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!