പോക്‌സോ കോടതികൾ ശിശുസൗഹൃദമാകുന്നു

കൊച്ചി: മിക്കി മൗസും സ്പൈഡർമാനും ഛോട്ടാ ഭീമുമൊക്കെ ചുറ്റും നിറഞ്ഞുനിൽക്കുന്നു. ചവിട്ടിനടക്കാൻ കൊച്ചു സൈക്കിളും പന്തെറിഞ്ഞു കളിക്കാൻ ബാസ്കറ്റ്‌ബോൾ സ്റ്റാൻഡും. ഭക്ഷണം ചൂടാക്കി കഴിക്കാൻ ഒവനും തണുത്തതു കഴിക്കാൻ ഫ്രിഡ്ജും. ഇതൊക്കെ കുട്ടികൾക്കായുള്ള ഏതെങ്കിലും റിസോർട്ടിന്റെ ഉൾക്കാഴ്ചകളല്ല. കുഞ്ഞു മനസ്സുകൾക്ക് ഒരു പോറൽ പോലും ഏൽക്കാതെ നീതിയുടെ സുരക്ഷ ഉറപ്പാക്കാനുള്ള പോക്‌സോ കോടതികളുടെ ശ്രമങ്ങളുടെ നേർക്കാഴ്ചയാണ്.
സംസ്ഥാനത്തെ പോക്‌സോ കോടതികൾ ശിശു സൗഹൃദമാക്കാനുള്ള പരിപാടികൾക്ക് എറണാകുളത്ത് വെള്ളിയാഴ്ച തുടക്കമാകും. വൈകാതെ മറ്റു പോക്‌സോ കോടതികളും ശിശു സൗഹൃദ ഇടങ്ങളായി മാറ്റും.
പോക്‌സോ കോടതികളിൽ വിചാരണ നടക്കുമ്പോൾ അതു ശിശു സൗഹൃദമാകാൻ പുതു പരീക്ഷണങ്ങളും കൊണ്ടുവരുന്നുണ്ട്. വീഡിയോ കോൺഫറൻസ്, ഒരു വശത്തെ കാഴ്ച മാത്രം കാണാവുന്ന ഗ്ലാസ്, കർട്ടൺ എന്നിവയാണ് വിചാരണയ്ക്കായി ഉപയോഗിക്കുന്നത്. വീഡിയോ കോൺഫറൻസിലൂടെ വിചാരണ നടക്കുമ്പോൾ ഇരയായ കുട്ടിയെ പ്രത്യേക മുറിയിലാകും ഇരുത്തുക. കോടതിമുറിയുടെ പിരിമുറുക്കം കൂടാതെ ഒരു വീട്ടിലെന്നോണം കുട്ടിക്കു വിചാരണയിൽ പങ്കെടുക്കാം. കോടതിമുറിയിൽ കുട്ടി എത്തുമ്പോഴും പ്രതിയെ കാണാതിരിക്കാൻ പ്രത്യേക സംവിധാനങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.
കുട്ടികൾക്കു വായിക്കാൻ ലൈബ്രറിയും കളിക്കാൻ ചെറു പാർക്കുകളും കോടതിയുടെ ഭാഗമായി സ്ഥാപിച്ചിട്ടുണ്ട്. എറണാകുളത്തെ ശിശു സൗഹൃദ കോടതിമുറി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും. രാവിലെ ഒമ്പതിന് നടക്കുന്ന ചടങ്ങിൽ മന്ത്രി വീണാ ജോർജ് മുഖ്യാതിഥിയായിരിക്കും.