ക്ലീനായി പയ്യാമ്പലം; അടിഞ്ഞുകൂടിയ പ്ലാസ്‌റ്റിക്കുകൾ നീക്കി

കണ്ണൂർ : പയ്യാമ്പലം തീരത്ത് അടിഞ്ഞുകൂടിയ പ്ലാസ്‌റ്റിക് നീക്കം ചെയ്‌തു. ഡി.ടി.പി.സി.യും ക്ലീൻ കേരള കമ്പനിയും കുടുംബശ്രീയും ജില്ലാ പഞ്ചായത്തും ചേർന്നാണ് പ്ലാസ്‌റ്റിക് നീക്കം ചെയ്‌തത്.
കടലിന്റെ ആവാസ വ്യവസ്ഥയ്‌ക്കായി ശുചിത്വ സാഗരം സുന്ദര തീരം പരിപാടി നടത്തിയപ്പോഴാണ് പയ്യാമ്പലത്തിന്റെ സ്ഥിതി ഗുരുതരമെന്ന് മനസിലായത്. തീരത്ത് നാൽപ്പതിലധികം ഇടങ്ങളിൽ പ്ലാസ്‌റ്റിക് മാലിന്യങ്ങൾ കെട്ടിക്കിടക്കുന്ന സ്ഥിതിയായിരുന്നു.
55 കുടുംബശ്രീ അംഗങ്ങൾ ശേഖരിച്ച രണ്ട് ലോഡ് മാലിന്യം ക്ലീൻ കേരള കമ്പനിക്ക് കൈമാറി. വെള്ളിയാഴ്‌ചയും ശുചീകരണം തുടരും. കൃത്യമായ ഇടവേളകളിൽ ഡി.ടി.പി.സി നേതൃത്വത്തിൽ പയ്യാമ്പലം തീരത്ത് ശുചീകരണം നടത്തും.