മാലൂർ കുണ്ടേരിപ്പൊയിൽ പുഴയിൽ പാലത്തിന് ഭരണാനുമതി

കുണ്ടേരിപ്പൊയിൽ : മാലൂർ, ചിറ്റാരിപ്പറമ്പ് പഞ്ചായത്തുകള ബന്ധിപ്പിക്കുന്ന കുണ്ടേരിപ്പൊയിൽ പുഴയ്ക്ക് പാലം നിർമിക്കാൻ 4.94 കോടി രൂപയുടെ ഭരണാനുമതിയായി. സ്ഥലം ഏറ്റെടുക്കുന്നതിന് ഉൾപ്പെടെയാണ് തുക അനുവദിച്ചത്.
ഇവിടെ പാലം നിർമിക്കാൻ കെ.കെ.ശൈലജ എം.എൽ.എ.യുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് എസ്റ്റിമേറ്റ് ഉൾപ്പെടെയുള്ള പ്രാരംഭ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ നിർദേശം നൽകിയിരുന്നു.
രണ്ടു പഞ്ചായത്തുകളെ ബന്ധപ്പെടുത്തുന്ന അക്കരെ വട്ടോളി കോട്ടയിലെ കുണ്ടേരിപ്പൊയിൽ പുഴയ്ക്ക് പാലം വേണമെന്ന നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യമാണ് യാഥാർഥ്യമാകുന്നത്. നിലവിൽ കോൺക്രീറ്റ് നടപ്പാലമാണ് ഇവിടെയുള്ളത്. പാലം യാഥാർഥ്യമായാൽ ചിറ്റാരിപ്പറമ്പ് ഭാഗത്തുനിന്ന് മാലൂർ, മട്ടന്നൂർ വിമാനത്താവളം, പേരാവൂർ എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയും.
ഇരുപത് മീറ്റർ വീതിയുള്ള പുഴയ്ക്ക് ഒന്നര മീറ്റർ വീതിയുള്ള കോൺക്രീറ്റ് നടപ്പാലമാണ് നിലവിലുള്ളത്. 60 വർഷം മുമ്പ് നിർമ്മിച്ച നടപാലത്തിൻ്റെ തകർന്ന കൈവരികൾ നാട്ടുകാർ മുളയും മറ്റും വെച്ച് കെട്ടിയ നിലയിലാണുള്ളത്.
കാൽനടയാത്രക്കാരും ഇരുചക്രവാഹനങ്ങളും മാത്രമാണ് നടപ്പാലം വഴി പോകുന്നത്. പുഴ കരകവിഞ്ഞ് ഒഴുകുമ്പോൾ ഇതുവഴി യാത്ര ചെയ്യാൻ കഴിയില്ല. പുഴയുടെ ഇരുകരകളിലും ടാർ റോഡും ബസ്സ് സർവീസും ഉണ്ട്. പുഴയുടെ ഇരുകരയിലും താമസിക്കുന്നവർക്ക് വാഹനത്തിൽ മറുകരയിൽ എത്താൻ അഞ്ച് കിലോമീറ്റർ ചുറ്റി സഞ്ചരിക്കണം. കുണ്ടേരിപ്പൊയിൽ പുഴക്ക് പാലം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയിൽ മുത്തപ്പൻ മടപ്പുര കമ്മിറ്റി മുൻ മന്ത്രി ഇ.പി. ജയരാജനും , കെ.കെ. ശൈലജ എം.എൽ.എ.ക്കും നിവേദനം നൽകിയിരുന്നു.
പാലത്തിന് 4.94 കോടി രൂപ അനുവദിച്ച ഇടതുസർക്കാറിനെയും കെ.കെ.ശൈലജ എം.എൽ.എ.യെയും മാലൂർ പഞ്ചായത്ത് പ്രസിഡന്റ് വി.ഹൈമാവതി, ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് വി.ബാലൻ, മാലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചമ്പാടൻ ജനാർദനൻ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ വി.കെ.സുരേഷ് ബാബു, ജില്ലാ പഞ്ചായത്തംഗം വി.ഗീത എന്നിവർ അഭിനന്ദിച്ചു.