ഗൾഫിൽനിന്നുള്ള ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി വിമാനക്കമ്പനികൾ

Share our post

മട്ടന്നൂർ : ഗൾഫ് രാജ്യങ്ങളിൽനിന്ന് നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്ക് വിമാനക്കമ്പനികൾ കുത്തനെ കൂട്ടിയത് പ്രവാസികൾക്ക് തിരിച്ചടിയായി. ദുബായ്, ഷാർജ എന്നിവിടങ്ങളിൽനിന്ന് കണ്ണൂരിലേക്കുള്ള ടിക്കറ്റ് നിരക്ക് ഇരട്ടിയോളമാണ് ഉയർന്നത്. നാട്ടിലെത്താനിരിക്കുന്ന പ്രവാസികളെ പിഴിയുന്ന സമീപനമാണ് വിമാനക്കമ്പനികളുടെതെന്ന് പരാതിയുയർന്നു കഴിഞ്ഞു.

ജൂലായിലാണ് യു.എ.ഇ.യിലെ സ്‌കൂളുകൾ മധ്യവേനലവധിക്ക് അടയ്ക്കുന്നത്. ഇതോടൊപ്പം ബക്രീദ് സീസണും മുന്നിൽക്കണ്ടാണ് വിമാനക്കമ്പനികൾ നിരക്കുയർത്തിയത്.

ജൂലായ് ആദ്യവാരം ഷാർജ, ദുബായ് എന്നിവിടങ്ങളിൽനിന്ന് കണ്ണൂരിലേക്ക് 40,000 രൂപയ്ക്ക് മുകളിലാണ് നിരക്ക്. സാധാരണ ഇത് 20,000 രൂപയ്ക്ക് താഴെയാണ് വരാറുള്ളത്. എല്ലാ വർഷവും ഈ സീസണിൽ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് ഉയർത്താറുണ്ടെന്ന് ട്രാവൽ ഏജൻസി ഉടമകൾ പറഞ്ഞു.

സർവീസുകൾ കുറവായതിനാൽ കേരളത്തിലെ മറ്റു വിമാനത്താവളങ്ങളെക്കാൾ കണ്ണൂരിൽ ടിക്കറ്റ് നിരക്ക് അധികമാണ്. ഈ മാസം അബുദാബി, മസ്‌കറ്റ് സെക്ടറുകളിലേക്ക് കൂടുതൽ സർവീസ് തുടങ്ങിയിട്ടുണ്ട്. ഇതോടെ അങ്ങോട്ടുള്ള ടിക്കറ്റ് നിരക്കിലും കുറവുവന്നിരുന്നു. ഇൻഡിഗോ, എയർ ഇന്ത്യ കമ്പനികളാണ് ദോഹ, അബുദാബി, മസ്‌കറ്റ് എന്നിവിടങ്ങളിലേക്ക് പുതുതായി സർവീസുകൾ തുടങ്ങിയത്.

ആഭ്യന്തര സെക്ടറിൽ കൂടുതൽ യാത്രക്കാരുള്ള ബെംഗളൂരുവിലേക്കും ഇൻഡിഗോ അധിക സർവീസുകൾ തുടങ്ങിയിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!