ഭാര്യാമാതാവിന്റെ കാല്‌ തല്ലിയൊടിച്ച്‌ മുങ്ങിയ യു-ട്യൂബർ പിടിയിൽ

Share our post

തൊടുപുഴ : വീട്ടിൽ കയറി ഭാര്യാമാതാവിനെ മർദ്ദിച്ച്‌ കാല് തല്ലിയൊടിച്ച കേസിലെ പ്രതി വർഷങ്ങൾക്കുശേഷം പൊലീസ്‌ പിടിയിലായി. തൊടുപുഴ വഴിത്തല ഇരുട്ടുതോട് മൂഴിമലയിൽ അജേഷ് ജേക്കബ് (38) ആണ് അറസ്‌റ്റിലായത്. യു ട്യൂബറാണിയാൾ.

പ്രതിയായി മുങ്ങിയവരെക്കുറിച്ചുള്ള അന്വേഷണത്തിലാണ്‌ അജേഷിന്റെ കേസ്‌ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. നീക്കങ്ങൾ നിരീക്ഷിച്ച്‌ തന്ത്രപരമായി പ്രതിയെ പിടികൂടുകയായിരുന്നു. മീൻപിടുത്തം വിനോദമാക്കിയ അജേഷ്‌ ഇതുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ ചെയ്തിരുന്നു. ഇതിനായി ‘അജേഷ് തൊടുപുഴ’ എന്ന പേരിൽ സ്വന്തമായി യു ട്യൂബ് ചാനലും തുടങ്ങിയിരുന്നു.

തൊടുപുഴയിലെ പാടശേഖരങ്ങളിൽ നിന്നുള്ള മീൻപിടുത്തം എന്ന പേരിലാണ് അജേഷ് വീഡിയോകൾ ചെയ്തിരുന്നത്. എന്നാൽ പൊലീസിന്റെ അന്വേഷണത്തിൽ മുനമ്പം, ഗോശ്രീ പാലങ്ങൾ, ബോൾഗാട്ടി എന്നിവിടങ്ങളിലാണ്‌ ഇതെല്ലാം ചിത്രീകരിച്ചതെന്ന്‌ വ്യക്തമായി. ഇതിന്റെ ചുവടുപിടിച്ച്‌ നടത്തിയ അന്വേഷണത്തിൽ വീഡിയോ എടുക്കാൻ അജേഷിനെ സഹായിച്ചിരുന്നയാളെ കണ്ടെത്തി. ഇയാളിൽനിന്നും പ്രതിയുടെ മൊബൈൽ നമ്പർ വാങ്ങി മീൻപിടുത്തം ചിത്രീകരിക്കാൻ താൽപര്യമുള്ള സ്ത്രീയെന്ന വ്യാജേന ചാറ്റ് ചെയ്ത് ചിത്രീകരണ സ്ഥലത്തെത്തിച്ചു. കാത്തുനിന്ന പൊലീസ്‌ ഇയാളെ പിടികൂടി.  

തൊടുപുഴ ഡി.വൈ.എസ്.പി ജിം പോളിന്റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ വി.സി. വിഷ്ണുകുമാർ,  എസ്.ഐ ബൈജു.പി.ബാബു, പ്രൊബേഷനറി എസ്.ഐ നിഖിൽ, സിവിൽ പൊലീസ് ഓഫീസർമാരായ ടി.എ. സനീഷ്, രതീഷ് നാരായണൻ, ഗണേഷ്, ജിഷ, കെ.വി. രാജേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!