കണ്ണൂർ നഗരത്തിലെ പാർക്കിങ് സമുച്ചയങ്ങളുടെ നിർമാണം വീണ്ടും തുടങ്ങി

Share our post

കണ്ണൂർ : നഗരത്തിലെ ബഹുനില പാർക്കിങ് സമുച്ചയങ്ങളുടെ നിർമാണം വീണ്ടും തുടങ്ങി. സാങ്കേതികാനുമതി ലഭിക്കാത്തതിനാൽ മാസങ്ങളായി പ്രവൃത്തി മുടങ്ങിക്കിടക്കുകയായിരുന്നു.

കണ്ണൂർ റെയിൽവേ സ്റ്റേഷൻ കിഴക്കേകവാടത്തിന് സമീപത്തെ സ്വാതന്ത്ര്യസമര സുവർണജൂബിലി സ്മാരക സ്തൂപത്തിന് സമീപത്തും എസ്.ബി.ഐ.ക്ക് എതിർവശത്തെ പീതാംബര പാർക്ക് പൊളിച്ചുമാറ്റിയ സ്ഥലത്തുമാണ് ബഹുനില പാർക്കിങ് സമുച്ചയം ഒരുങ്ങുന്നത്. രണ്ടിടങ്ങളിലെയും നിർമാണ പ്രവൃത്തി കഴിഞ്ഞദിവസം തുടങ്ങി.

റോഡരികിൽ വാഹനം പാർക്ക് ചെയുന്നതിനാൽ നഗരത്തിലുണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാനായാണ് കോർപ്പറേഷൻ രണ്ടിടങ്ങളിൽ ബഹുനില പാർക്കിങ് സമുച്ചയം ഒരുക്കാൻ തീരുമാനിച്ചത്. ഡിസംബർ 30-നകം നിർമാണം പൂർത്തിയാക്കാനാണ് തീരുമാനം. സ്റ്റേഡിയം കോർണറിലെ പാർക്കിങ് സമുച്ചയത്തിന്റെ മരാമത്ത് പ്രവൃത്തി പകുതിയലധികം പൂർത്തിയായിട്ടുണ്ട്. അടുത്തമാസം മെക്കാനിക്കൽ പ്രവൃത്തി തുടങ്ങും. പൂനെ
ആസ്ഥാനമായ കമ്പനിക്കാണ് കരാർ നൽകിയിട്ടുള്ളത്. പാർക്കിങ് സമുച്ചയത്തിനായി വേണ്ട യന്ത്രോപകരണങ്ങൾ പൂനെയിൽനിന്നാണ് കണ്ണൂരിലെത്തിക്കുന്നത്. ക്രെയിനിന്റെ സഹായത്തോടെ ഇവ സ്ഥാപിച്ചതിനുശേഷമായിരിക്കും മറ്റുള്ളവ എത്തിക്കുക. യന്ത്രോപകരണങ്ങൾ സൂക്ഷിക്കാൻ സൗകര്യമില്ലാത്തതിനാൽ പലദിവസങ്ങളിലായാണ്‌ ഇവ എത്തിക്കുന്നത്.

2020 ജനുവരിയിലാണ് പാർക്കിങ് സമുച്ചയത്തിന്റെ നിർമാണം തുടങ്ങിയത്. അമൃത് പദ്ധതിയുടെ ഭാഗമായി 11 കോടി രൂപയാണ് ഇതിനായി മാറ്റിവെച്ചത്. ആറുമാസത്തിനകം നിർമാണം പൂർത്തിയാക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് കോവിഡിനെ തുടർന്ന് ഏറെക്കാലം നിർമാണം നിർത്തിവെച്ചു. പിന്നീട് പണി തുടങ്ങിയെങ്കിലും കരാറുകാരും ഉപകരാറുകാരും തമ്മിലുള്ള തർക്കത്തെ തുടർന്ന് നിർത്തിവെച്ചു. ഇത് കോർപ്പറേഷൻ ഇടപെട്ട് പരിഹരിച്ചു. 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!