ആദിവാസി ഊരുകളിൽ പുതുവെളിച്ചമായി ഗ്രന്ഥശാലകൾ
ഇരിട്ടി : ആദിവാസി ഊരുകളിൽ സാംസ്കാരിക-വിദ്യാഭ്യാസ മുന്നേറ്റങ്ങൾ ലക്ഷ്യംവെച്ച് ആരംഭിച്ച ട്രൈബൽ ലൈബ്രറികൾ സജീവമാകുന്നു. ഇരിട്ടി താലൂക്ക് പരിധിയിലെ നാല് ആദിവാസി ഊരുകളിലാണ് ട്രൈബൽ ലൈബ്രറികൾ പ്രവർത്തിച്ചുവരുന്നത്. പായം പഞ്ചായത്തിലെ കോണ്ടമ്പ്ര ഊര്, കണിച്ചാറിലെ വെല്ലറ, ആറ്റംചേരി, ചെങ്കോം ഊരുകളിൽ പ്രവർത്തിക്കുന്ന ഗ്രന്ഥശാലകൾ സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ പ്രവർത്തനങ്ങൾ മികവാർന്ന രീതിയിൽ നടത്തുന്നു.
സമാന്തര വിദ്യാഭ്യാസകേന്ദ്രമായി ഉയരാൻ ഈ ഗ്രന്ഥശാലകൾക്ക് കഴിഞ്ഞിട്ടുണ്ട്. കുട്ടികളുടെ സർഗാത്മക പ്രവർത്തനങ്ങളിലൂടെ അവരുടെ ആത്മവിശ്വാസം വർധിപ്പിച്ച് പൊതു ഇടങ്ങളിൽ സജീവമാക്കാൻ ഗ്രന്ഥശാലകൾക്ക് സാധിച്ചു. ഈ ഗ്രന്ഥശാലകൾക്ക് വി.ശിവദാസൻ എം.പി.യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പീപ്പിൾ മിഷൻ ഫോർ സോഷ്യൽ ഡെവലപ്പ്മെന്റ് ലാപ്ടോപ്പുകളും 250 പുസ്തകങ്ങളും നൽകിയിരുന്നു. സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ട്രൈബൽ ലൈബ്രറി പദ്ധതിയിൽപ്പെടുത്തി 50,000 രൂപയുടെ പുസ്തകങ്ങളും ഫർണിച്ചറും നൽകി ഗ്രന്ഥശാലകളുടെ പ്രവർത്തനങ്ങൾക്ക് ഊർജമേകി. ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ മേൽനോട്ടത്തിൽ അഫിലിയേഷൻ നേടുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം കെ.എ.ബഷീർ, താലൂക്ക് ഭാരവാഹികളായ രഞ്ജിത് കമൽ, പി.കുഞ്ഞികൃഷ്ണൻ എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു.
