റോഡിൽ രക്തംവാർന്ന നിലയിൽ യുവാവിന്റെ മൃതദേഹം
വണ്ടിപ്പെരിയാര്‍ : ഇടുക്കി വണ്ടിപ്പെരിയാറിൽ യുവാവിനെ റോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വണ്ടിപ്പെരിയാര്‍ വാളാടി സ്വദേശി വനരാജിന്റെ മകന് രമേശി(24)നെയാണ് ഇന്നു പുലര്‍ച്ചെ നാലോടെ വണ്ടിപ്പെരിയാര്‍-വള്ളക്കടവ് റൂട്ടില്‍ ഇഞ്ചിക്കാടിന് സമീപം മരിച്ചനിലയില്‍ കണ്ടെത്തിയത്.
പുലര്‍ച്ചെ ഇതു വഴി കടന്നുപോയ ആളുകളാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് വണ്ടിപ്പെരിയാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
റോഡില്‍ തലയടിച്ചു വീണ് രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം. ഇയാളുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ തെറിച്ചുവീണ നിലയില്‍ സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുമുണ്ട്. വാഹനം ഇടിച്ചതാണെന്നാണ് പ്രാഥമിക നിഗമനമെന്നും കൂടുതല്‍ അന്വേഷണം നടത്തണമെന്നും വണ്ടിപ്പെരിയാര്‍ സി.ഐ ടി.ഡി. സുനില്‍ കുമാര്‍ പറഞ്ഞു.
