പൂളക്കുറ്റി സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകരുടെ അനിശ്ചിതകാല സമരം തുടങ്ങി
നിടുംപൊയിൽ : നിക്ഷേപത്തട്ടിപ്പ് നടന്ന പൂളക്കുറ്റി സർവീസ് സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകരുടെ അനിശ്ചിതകാല സമരം തുടങ്ങി. അഡ്വ.സണ്ണി തോമസ് ഉദ്ഘാടനം ചെയ്തു. കൺവീനർ സെബാസ്റ്റ്യൻ പാറാട്ടുകുന്നേൽ അധ്യക്ഷത വഹിച്ചു.
വിൻസി തോമസ്, സേവ്യർ തൃക്കേക്കുന്നേൽ, വിനു മണ്ണാറുതോട്ടം, ദേവസ്യ ചന്ദ്രൻ കുന്നേൽ തുടങ്ങിയവർ സംസാരിച്ചു. നിക്ഷേപകർ കുട്ടികളടക്കമാണ് സമരത്തിനെത്തിയത്.
2017-ൽ നടന്ന നിക്ഷേപത്തട്ടിപ്പിൽ നാനൂറോളം നിക്ഷേപകരുടെ രണ്ടരക്കോടി രൂപയാണ് നഷ്ടമായത്. കോൺഗ്രസ് ഭരണസമിതിയുടെ കീഴിലുള്ള ബാങ്ക് മറ്റൊരു ബാങ്കിൽ ലയിപ്പിച്ച ശേഷം പണം തിരിച്ചു നല്കാമെന്ന ഉറപ്പ് ലംഘിക്കപ്പെട്ട സാഹചര്യത്തിലാണ് അനിശ്ചിതകാല സമരവുമായി നിക്ഷേപകർ രംഗത്ത് വന്നത്.
