പരിസ്ഥിതി ലോല മേഖല: കൂട്ടുപുഴ, പേരട്ട, മാക്കൂട്ടം ടൗണുകൾക്കും ഭീഷണി

ഇരിട്ടി : പരിസ്ഥിതി ലോല മേഖല ഭീഷണിയിൽ തലശ്ശേരി – കുടക് അന്തർ സംസ്ഥാന പാതയിലെ അതിർത്തി ടൗണായ കൂട്ടുപുഴയും സമീപ ടൗണുകളായ പേരട്ട, തൊട്ടിപ്പാലം, കുണ്ടേരി എന്നിവയും ഉൾപ്പെടുമെന്ന് നിരീക്ഷണം. ഇതോടെ പായം, ഉളിക്കൽ പഞ്ചായത്തുകളും പരിസ്ഥിതി ലോല ഭീഷണി പട്ടികയിൽ ആകും. മാക്കൂട്ടം ബ്രഹ്മഗിരി വന്യജീവി സങ്കേതം പരിധിയിൽ സുപ്രീം കോടതി വിധി നടപ്പാക്കാതിരിക്കാൻ കേരള സർക്കാർ ഇടപെടണമെന്ന് പ്രദേശവാസികളും വ്യാപാരികളും ആവശ്യപ്പെട്ടു.
മാക്കൂട്ടം ബ്രഹ്മഗിരി വന്യജീവി സങ്കേതത്തോട് ചേർന്നുള്ള അയ്യൻകുന്ന് പഞ്ചായത്തിലെ കച്ചേരിക്കടവ്, മുടിക്കയം, പാലത്തിൻകടവ് ഗ്രാമങ്ങൾ പരിസ്ഥിതി ലോല മേഖലയാകുമെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. ഇതേ സമയം കൂട്ടുപുഴ, പേരട്ട ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പ്രത്യക്ഷത്തിൽ അതിരിടുന്നത് മാക്കുട്ടം റേഞ്ച് നിക്ഷിപ്ത വനം ആയതിനാൽ സംരക്ഷിത വന മേഖലയിൽ ഉൾപ്പെടുന്നില്ലെന്ന് പരിസ്ഥിതി ലോലം ആകില്ലെന്നുമായിരുന്നു പ്രാഥമിക നിരീക്ഷണം.
എന്നാൽ, കൂട്ടുപുഴയിലെ പഴയ പാലവും പുതിയ പാലവും കേരളത്തിൽ നിന്ന് മറുകര ചെന്നെത്തുന്ന ഭാഗവും മാക്കൂട്ടം ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിൽ പെട്ടതാണ്. ഈ കരയിൽ കേരളത്തിന്റെ ഭൂമി ഉണ്ടെങ്കിലും കൂട്ടുപുഴ – മാക്കൂട്ടം – പെരുമ്പാടി ചുരം റോഡിന്റെ താഴ്‌വശം വന്യജീവി സങ്കേതം പരിധിയിൽ പെടുന്നതാണ്. കൂട്ടുപുഴ പുതിയ പാലം പണി നേരത്തേ തടസ്സപ്പെടുത്തിയത് മാക്കൂട്ടം ബ്രഹ്മഗിരി വന്യജീവി അധികൃതരാണ്.
പാലം മേഖലയിലെ ഈ അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ വായുദൂരം പരിസ്ഥിതി ലോല മേഖലയാക്കി ഉള്ള സുപ്രീം കോടതി വിധി നടപ്പാക്കിയാൽ കൂട്ടുപുഴ, പേരട്ട, തൊട്ടിപ്പാലം, കുണ്ടേരി ടൗണുകളും പേരട്ട ഗവ. എൽപി സ്കൂളും പേരട്ട, കൂട്ടുപുഴ, മാക്കൂട്ടം മുസ്‌ലിം പളളികളും മാക്കൂട്ടം ശ്രീ കാക്കത്തോട് ദേവി ക്ഷേത്രവും നൂറോളം വ്യാപാരികളും ഒട്ടേറെ കുടുംബങ്ങളും പരിസ്ഥിതി ലോല മേഖല ഭീഷണിയിൽ ആകും. തലശ്ശേരി – കുടക് അന്തർ സംസ്ഥാന പാതയും ഇ.എസ് സെഡ് നിയന്ത്രണ പട്ടികയിൽ പെടും.