കൺനിറയെ കണികാണാൻ മേലെ ചൊവ്വ ദേശീയപാതയോരത്ത് കൃഷ്ണ വിഗ്രഹങ്ങളൊരുങ്ങി
        കണ്ണൂർ : വിഷുക്കാലത്ത് കൺനിറയെ കണികാണാൻ കൃഷ്ണവിഗ്രങ്ങളെത്തി. മേലെ ചൊവ്വയ്ക്ക് സമീപം ദേശീയപാതയോരത്താണ് പ്രധാനമായും കൃഷ്ണവിഗ്രഹങ്ങൾ വില്പനയ്ക്ക് തയ്യാറായിരിക്കുന്നത്. പല രൂപത്തിലും ഭാവത്തിലും നിറങ്ങളിലുമുള്ള വിഗ്രഹങ്ങൾ ഇവിടെ ലഭ്യമാണ്. 300 രൂപ മുതൽ 1600 രൂപ വിലയുള്ള വിഗ്രഹങ്ങൾവരെ ഈ കൂട്ടത്തിലുണ്ട്. ഗുണമേന്മ അനുസരിച്ചും വലിപ്പമനുസരിച്ചുമാണ് വിഗ്രഹങ്ങൾക്ക് വില കൂടുക. എന്നാൽ, കറുപ്പിലും നീലയിലും സ്വർണംപൂശിയ നിറത്തിലും തിളങ്ങുന്ന കൃഷ്ണന്മാർ വിറ്റുപോകുന്നില്ലെന്നും കച്ചവടക്കാർക്ക് പരാതിയുണ്ട്.
വൈറ്റ് സിമന്റിന് വില വർധിച്ചതാണ് വിഗ്രഹവിപണിക്ക് പ്രതികൂലമായത്. 25 കിലോ വൈറ്റ് സിമൻറിന് 400 രൂപയാണ് നിലവിലെ നിരക്ക്. നിർമാണ സാമഗ്രികൾക്ക് കുത്തനെ വില ഉയർന്നതിനാൽ ഇത്തവണ കുറച്ച് വിഗ്രഹങ്ങൾ മാത്രമേ കച്ചവടക്കാർ നിർമിച്ചിട്ടുള്ളൂവെന്നും കച്ചവടം മുതലാകുന്നില്ലെന്നും നിർമാതാക്കൾ സങ്കടം പങ്കുവെക്കുന്നു. അതേസമയം വിഷുവിന് മുന്നോടിയായി പടക്കവിപണിയും സജീവമായിട്ടുണ്ട്. കൂടാതെ കണ്ണൂർ പോലീസ് മൈതാനത്ത് കൈത്തറിമേളയും നടന്നുവരികയാണ്.
