പാചക വാതക സിലിണ്ടർ വീട്ടിലെത്തിക്കാൻ ചാർജ് ഈടാക്കുന്നത് നിയമ വിരുദ്ധം

Share our post

ആലപ്പുഴ: നഗരസഭാ പരിധിയിലും പഞ്ചായത്തുകളിൽ അഞ്ചുകിലോമീറ്റർ ചുറ്റളവിലും ഗാർഹിക പാചകവാതക സിലിണ്ടറുകൾ വീട്ടിലെത്തിക്കുന്നതിനുള്ള ചാർജ് സൗജന്യമാണെന്നിരിക്കെ, പാചകവാതക വിതരണത്തിന് അനധികൃതമായി ചാർജ് ഈടാക്കുന്നതായുള്ള പരാതികൾ വ്യാപകമാകുന്നു. വിതരണക്കാരും ഏജൻസികളും തമ്മിൽ ഒത്തുകൊണ്ടുള്ള ഈ ഇടപാട് വഴി സിലിണ്ടർ വിലയ്ക്ക് പുറമെ 100 രൂപ വരെ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നുണ്ടത്രെ.

ജില്ലയിലെ ഗ്യാസ് ഏജൻസികൾ സിലിണ്ടർ  വിതരണം ചെയ്യുന്നതിനായി ഉപഭോക്താക്കളിൽ നിന്നും ഈടാക്കാവുന്ന വിതരണക്കൂലി ജില്ലാ സപ്ലൈ ഓഫീസർ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. ഗ്യാസ് ഏജൻസിയുടെ ഷോറൂം മുതലാണ് ദൂരപരിധി കണക്കാക്കുന്നത്. 956 രൂപ വിപണി നിരക്ക് വരുന്ന ഗാർഹിക സിലിണ്ടർ അടുക്കളിയിലെത്തുമ്പോൾ 1050 വരെ ചെലവാകുന്നവരുണ്ട്. വീട്ടിൽ ഗ്യാസെത്തിക്കുന്നതിനുള്ള ട്രാൻസ്‌പോർട്ടിംഗ് ചാർജുൾപ്പടെയുള്ള തുകയാണ് ബില്ലിലുള്ളതെന്ന് പലർക്കും അറിയില്ല. ഡെലിവറി ചാർജ് പ്രത്യേകം കൊടുക്കേണ്ടതില്ലെന്ന് കേന്ദ്ര പൊതുമേഖലാ എണ്ണക്കമ്പനികളും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കൊള്ളനിരക്ക് ചോദ്യം ചെയ്താൽ നേരിട്ട് ഏജൻസിയിൽ പോയി ഗ്യാസ് എടുത്തുകൊള്ളാനാകും വിതരണക്കാരന്റെ മറുപടിയത്രെ. ഒറ്റയ്ക്ക് താമസിക്കുന്ന വയോധികരെയടക്കമാണ് ചൂഷണം ചെയ്യുന്നത്.

വിതരണത്തിനുമുണ്ട് നിയമം

എൽ.പി.ജി റെഡുലേഷൻ ഓഫ് സപ്ലൈ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഓർഡർ 2000 എന്ന നിയമത്തിന് കീഴിലാണ് പാചകവാതക വിതരണം. കണക്ഷനെടുക്കുമ്പോൾ രജിസ്റ്റർ ചെയ്ത വിലാസത്തിൽ ഉപഭോക്താവിന് ഏജൻസി സിലിണ്ടർ എത്തിച്ചു നൽകണം. അഥവാ ഈ മേൽവിലാസത്തിലെത്തിക്കാൻ സാധിക്കുന്നില്ലെങ്കിൽ ഉപഭോക്താവിൽ നിന്ന് അനുമതി എഴുതി വാങ്ങണമെന്നാണ് നിയമം.

ജില്ലയിലെ വിതരണക്കൂലി

നഗരസഭാ പരിധിയിലുള്ള ഏജൻസികളിൽ നിന്നും നഗരപരിധിയിൽ വിതരണം സൗജന്യം.
പഞ്ചായത്തുകളിൽ ഏജൻസിയിൽ നിന്നും അഞ്ച് കിലോമീറ്റർ ചുറ്റളവിൽ വിതരണം സൗജന്യം.

5 മുതൽ 10 കിലോമീറ്റർ വരെ – 24 രൂപ

10 മുതൽ 15 കിലോമീറ്റർ വരെ – 32 രൂപ

15 മുതൽ 20 കിലോമീറ്റർ വരെ – 39 രൂപ

20 കിലോമീറ്ററിനു മുകളിൽ പരമാവധി – 50 രൂപ

പരാതി നൽകാം

താലൂക്ക്, ജില്ലാ സപ്ലൈ ഓഫീസർമാർക്ക് പരാതി നൽകാം. തുടർ നടപടിയില്ലെങ്കിൽ ജില്ലാ കളക്ടറെ സമീപിക്കാം. എന്നിട്ടും നടപടിയില്ലെങ്കിൽ ഉപഭോക്തൃ പരിഹാര ഫോറത്തെ സമീപിക്കാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!