ബൈക്കുമായി നിരത്തിൽ ‘അഭ്യാസം’: കൗമാരക്കാരന് ഗുരുതര പരിക്ക്
കൊച്ചി : ബൈക്കുമായി നിരത്തിൽ ‘അഭ്യാസ പ്രകടനം’ നടത്തിയ കൗമാരക്കാരന് അപകടത്തിൽ ഗുരുതര പരിക്ക്. ഇൻഷുറൻസും പൊല്യൂഷൻ സർട്ടിഫിക്കറ്റും മുൻവശത്തെ നമ്പർപ്ലേറ്റുമില്ലാത്ത ബൈക്കുമായാണ് പ്രായപൂർത്തിയാകാത്ത കൗമാരക്കാരൻ ചീറിപ്പാഞ്ഞതും അപകടത്തിൽപെട്ടതും. നെയ്യാറ്റിൻകര റജിസ്ട്രേഷനിലുള്ള ബൈക്ക് മോഷ്ടിച്ചതാണോ എന്ന സംശയത്തെത്തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.
എളംകുളം ചിലവന്നൂർ റോഡിലെ കപ്പേളക്ക് സമീപം രാവിലെ പതിനൊന്നേകാലിനാണ് സംഭവം. മറ്റൊരു ബൈക്കുമായി മത്സരയോട്ടം നടത്തിയാണ് കൗമാരക്കാരൻ എത്തിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു. നിയന്ത്രണംവിട്ടു മറിഞ്ഞ ബൈക്ക് നിരങ്ങിനീങ്ങി സമീപത്തെ പോസ്റ്റിലിടിച്ചാണ് നിന്നത്. ഗുരുതരമായി പരിക്കേറ്റ കൗമാരക്കാരൻ നാട്ടുകാർ അടുത്തെത്തും മുൻപ് പിന്നാലെ എത്തിയ മറ്റൊരു ബൈക്കിൽ കയറി സ്ഥലംവിട്ടു.
തുടർന്ന് സൗത്ത് പൊലീസ് സ്ഥലത്തെത്തി ബൈക്ക് സ്റ്റേഷനിലെത്തിച്ചു. ആശുപത്രിയിലെത്തി കൗമാരക്കാരനിൽ നിന്ന് മൊഴിയെടുത്തെങ്കിലും സംശയാസ്പദമായ മറുപടികളാണ് ലഭിച്ചത്. ബൈക്ക് മോഷണമുതലാണെന്ന് തെളിഞ്ഞാൽ കർശന നടപടി സ്വീകരിക്കുമെന്ന് സൗത്ത് പൊലീസ് അറിയിച്ചു.
