യുവാവ് മാതാപിതാക്കളെ റോഡിലിട്ട് വെട്ടിക്കൊന്നു; പോലീസില്‍ വിവരമറിയിച്ച് മുങ്ങി
തൃശ്ശൂര്‍: വെള്ളിക്കുളങ്ങര ഇഞ്ചക്കുണ്ടില്‍ യുവാവ് മാതാപിതാക്കളെ വെട്ടിക്കൊന്നു. ഇഞ്ചക്കുണ്ട് സ്വദേശി അനീഷാണ് അച്ഛന്‍ സുബ്രഹ്‌മണ്യന്‍ (കുട്ടന്‍ -60) അമ്മ ചന്ദ്രിക(55) എന്നിവരെ കൊലപ്പെടുത്തിയത്. ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. കൊലപാതക വിവരം പോലീസിനെ അറിയിച്ചശേഷം മുങ്ങിയ അനീഷിനുവേണ്ടി പോലീസ് തിരച്ചില്‍ തുടങ്ങി.
കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. വീടിന് മുമ്പിലെ റോഡരികിലാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്.
അനീഷും മാതാപിതാക്കളും തമ്മില്‍ വീട്ടില്‍ വഴക്കിടുന്നത് പതിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഞായറാഴ്ച രാവിലെ വീടിന് മുമ്പില്‍ പുല്ലരിയുകയായിരുന്നു ദമ്പതിമാര്‍. ഈ സമയത്താണ് മകന്‍ അനീഷ് ഇവിടേക്കെത്തിയത്. തുടര്‍ന്ന് മാതാപിതാക്കളുമായി ഇയാള്‍ വഴക്കിട്ടു. പിന്നാലെ വീടിനകത്തേക്ക് പോയ യുവാവ് വെട്ടുകത്തിയുമായി തിരികെവന്ന് മാതാപിതാക്കളെ ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടാനായി മാതാപിതാക്കള്‍ വീട്ടുവളപ്പില്‍നിന്ന് പുറത്തേക്ക് ഓടിയെങ്കിലും പിന്തുടര്‍ന്നെത്തിയ അനീഷ് ഇരുവരെയും വീടിന് മുമ്പിലുള്ള റോഡിലിട്ട് വെട്ടിക്കൊല്ലുകയായിരുന്നു.
സംഭവത്തിന് ശേഷം അനീഷ് തന്നെയാണ് വിവരം പോലീസിനെ വിളിച്ചറിയിച്ചത്. പിന്നാലെ ഇയാള്‍ ബൈക്കുമായി വീട്ടില്‍നിന്ന് കടന്നുകളയുകയായിരുന്നു. പ്രതിയെ കണ്ടെത്താനായി പോലീസ് തിരച്ചില്‍ തുടരുകയാണ്. ഉടന്‍തന്നെ ഇയാള്‍ കസ്റ്റഡിയിലാകുമെന്നാണ് പോലീസ് നല്‍കുന്നവിവരം.