സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.സി ജോസഫൈൻ അന്തരിച്ചു.

Share our post

കണ്ണൂർ : സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.സി ജോസഫൈൻ അന്തരിച്ചു. സി.പി.എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനെത്തിയ ജോസഫൈനെ കടുത്ത ഹൃദയാഘാതത്തെ തുടർന്ന്‌ ശനിയാഴ്‌ച്ച ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്‌ച്ച ഉച്ചയോടെയായിരുന്നു അന്ത്യം. സംസ്ഥാന വനിതാ കമ്മീഷൻ മുൻ അധ്യക്ഷയാണ്‌ . ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്‌, സംസ്ഥാന പ്രസിഡന്റ്‌, വനിതാ വികസന കോർപറേഷൻ ചെയർപേഴ്‌സൺ, വിശാലകൊച്ചി വികസന അതോറിറ്റി ചെയർപേഴ്‌സൺ എന്നീ സ്ഥാനങ്ങൾ വഹിച്ചു.

വിദ്യാർഥി–യുവജന–മഹിളാ പ്രസ്ഥാനങ്ങളിലൂടെയാണ്‌ പൊതുരംഗത്തെത്തിയത്‌. 1978ൽ സി.പി.എം അംഗത്വം. 1984ൽ സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റി അംഗമായി. 1987ൽ സംസ്ഥാന കമ്മിറ്റിയിലുമെത്തി. 2002 മുതൽ കേന്ദ്ര കമ്മിറ്റി അംഗമാണ്‌. 1996ൽ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റായി. സംസ്ഥാന വെയർഹൗസിങ്‌ കോർപറേഷൻ എംപ്ലോയീസ്‌ യൂണിയൻ (സി.ഐ.ടി.യു) സെക്രട്ടറിയും പ്രൈവറ്റ്‌ ഹോസ്‌പിറ്റൽ വർക്കേഴ്‌സ്‌ യൂണിയൻ (സിഐടിയു) പ്രസിഡന്റുമായിരുന്നു. അങ്കമാലി (1987), മട്ടാഞ്ചേരി (2011) നിയമസഭാ മണ്ഡലങ്ങളിലേക്കും 1989ൽ ഇടുക്കി ലോക്‌സഭാ മണ്ഡലത്തിലേക്കും മത്സരിച്ചു.

13 വർഷം അങ്കമാലി നഗരസഭാ കൗൺസിലറായിരുന്നു. നിലവിൽ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗമാണ്‌. വൈപ്പിൻ മുരിക്കുംപാടം സെന്റ്‌ മേരീസ്‌ സ്‌കൂൾ, ഓച്ചന്തുരുത്ത്‌ സാന്താക്രൂസ്‌ ഹൈസ്‌കൂൾ, ആലുവ സെന്റ്‌ സേവ്യേഴ്‌സ്‌ കോളേജ്‌ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ്‌ കോളേജിൽനിന്ന്‌ മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!