കാത്തിരിപ്പിന് വിരാമം: മുഴക്കുന്ന് അയ്യപ്പൻകാവ്-ഹാജി റോഡ് നവീകരണം തുടങ്ങി

ഇരിട്ടി : മുഴക്കുന്ന് പഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നായ അയ്യപ്പൻകാവ്-ഹാജി റോഡ് നവീകരണം തുടങ്ങി. നാട്ടുകാരുടെ ഏറെക്കാലമായുള്ള ആഗ്രഹമാണ് യാഥാർഥ്യമാകുന്നത്.
കലുങ്ക് പുതുക്കിപ്പണിയും. അപകടഭീഷണിയും മണ്ണിടിച്ചിലുമുണ്ടാകാൻ സാധ്യതയുള്ള ഭാഗങ്ങളിൽ കൂറ്റൻ ഭിത്തികൾ സ്ഥാപിച്ച് ബലപ്പെടുത്തുന്ന പ്രവൃത്തിയും തുടങ്ങി. ഇരിട്ടി-പേരാവൂർ സംസ്ഥാനപാതയിൽനിന്ന് എടൂർ-മണത്തണ മലയോരഹൈവേയിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന സമാന്തര റോഡാണിത്. കാക്കയങ്ങാടുനിന്ന് പാലപ്പുഴ വഴി ആറളം ഫാമിലേക്ക് പ്രവേശിക്കുന്നതിനുപകരം ഹാജി റോഡിൽനിന്ന് എളുപ്പത്തിൽ ഫാമിലേക്ക് എത്തിപ്പെടാനുള്ള വഴിയാണിത്.
വയനാട് ഭാഗത്തുനിന്ന് ഇരിട്ടി ഭാഗത്തേക്ക് വരുന്നവർക്കും ഏറെ ഉപകാരപ്രദവും എളുപ്പവഴിയും കൂടിയാണിത്. സണ്ണി ജോസഫ് എം.എൽ.എ.യുടെ ഇടപെടലിന്റെ ഫലമായാണ് പണം അനുവദിച്ചത്. കാലവർഷത്തിനുമുൻപ് നവീകരണം പൂർത്തിയാക്കും.
നവീകരണപ്രവൃത്തി നടക്കുന്നതിനാൽ രണ്ടുമാസത്തേക്ക് റോഡിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയതായി പൊതുമരാമത്തുവകുപ്പ് അറിയിച്ചു. കാലവർഷത്തിനുമുൻപ് എല്ലാ പ്രവൃത്തികളും പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് നടപടി.