കോവിഡ് ‘XE’ വകഭേദം ഗുജറാത്തിൽ സ്ഥിരീകരിച്ചതായി റിപ്പോർട്ട്

അഹമ്മദാബാദ്: കോവിഡിന്റെ പുതിയ വകഭേദമായ എക്സ്.ഇ (XE) ഗുജറാത്തിൽ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. മാർച്ച് 13നാണ് രോഗബാധ സ്ഥിരീകരിച്ചത്. ഒരാഴ്ചക്ക് ശേഷം അസുഖം ഭേദമായി രോഗി ആശുപത്രി വിട്ടതായും റിപ്പോർട്ടിൽ പറയുന്നു.
ജീനോം സീക്വൻസ് നടത്തിയതിന് ശേഷമാണ് രോഗിയിൽ സ്ഥിരീകരിച്ചത് എക്സ്.ഇ വകഭേദമാണെന്ന് തിരിച്ചറിഞ്ഞത്. ഇത് ഉറപ്പു വരുത്താൻ വേണ്ടി വീണ്ടും പരിശോധന നടത്തുമെന്നാണ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പുറത്തു വരുന്ന റിപ്പോർട്ട്. എന്നാൽ രോഗിയുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
നേരത്തെ മുംബൈയില്‍ പുതിയ കോവിഡ് വകഭേദം എക്‌സ്.ഇ (XE) കണ്ടെത്തിയതായി റിപ്പോർട്ട് പുറത്തുവന്നെങ്കിലും കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചിരുന്നില്ല. രോഗിയുടെ സാംപിളില്‍ നടത്തിയ ജീനോം സീക്വന്‍സിങ്ങില്‍ എക്‌സ്.ഇ വകഭേദം സ്ഥിരീകരിക്കാനായിട്ടില്ലെന്ന് ഇന്ത്യന്‍ സാര്‍സ് കോവിഡ് 2 ജീനോമിക് കണ്‍സോഷ്യം വ്യക്തമാക്കിയിരുന്നു.