സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയുടെ മുടി മുറിച്ചു; ഭർത്താവും അയൽവാസിയായ യുവതിയും അറസ്റ്റിൽ
തൃശൂർ : കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടു യുവതിയുടെ മുടി ബലമായി മുറിച്ച കേസിൽ ഭർത്താവും അയൽവാസിയും അറസ്റ്റിൽ. ഭർത്താവ് എറണാകുളം മുളന്തുരുത്തി തലക്കോട് പള്ളത്തുപറമ്പിൽ രാഗേഷ് (25), അയൽവാസി കാവിൽപറമ്പിൽ അമൃത (28) എന്നിവരെയാണ് തൃശൂർ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ പിടിച്ചുനിർത്തി തല മുണ്ഡനം ചെയ്യാൻ സഹായിച്ചു എന്നതാണ് അമൃതയുടെ പേരിലുള്ള കുറ്റം.
മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവതിയെ 3 വർഷം മുൻപാണ് രാഗേഷ് വിവാഹം കഴിച്ചത്. വിവാഹവേളയിൽ നൽകിയ സ്വർണാഭരണങ്ങൾ മുഴുവൻ ഭർത്താവും ഭർതൃമാതാവും കൈക്കലാക്കിയെന്നും കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് പീഡിപ്പിക്കുകയായിരുന്നുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. യുവതിയുടെ വീട്ടുകാർ പണം നൽകാൻ തയാറായില്ല.
കഴിഞ്ഞ ഒന്നിനു ബാർബറെ വിളിച്ചുവരുത്തി രാഗേഷും അമ്മ ശ്യാമളയും അമൃതയും ചേർന്ന് ബലമായി തല മുണ്ഡനം ചെയ്യിച്ചുവെന്നാണ് പരാതി. ഇൻസ്പെക്ടർ പി.പി. ജോയിയുടെ നേതൃത്വത്തിൽ എസ്ഐ രാജൻ, സി.പി.ഒ.മാരായ ബിനീഷ്, ലിഷ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ ചോറ്റാനിക്കരയിൽ നിന്ന് പിടികൂടിയത്.
