കോവിഡ് കഴിഞ്ഞ് ആറ് മാസം വരെ ഗുരുതരമായ ക്ലോട്ടുകള്‍ ഉണ്ടാകാന്‍ സാധ്യത

ലഘുവായ കോവിഡ് ബാധ ഉണ്ടായവരില്‍ പോലും രോഗമുക്തിക്ക് ശേഷം ആറ് മാസങ്ങള്‍ വരെ ഗുരുതരമായ ക്ലോട്ടുകള്‍ രക്തത്തില്‍ രൂപപ്പെടാമെന്ന് പഠനം. കാലുകളിലുണ്ടാകുന്ന ഡീപ് വെയ്ന്‍ ത്രോംബോസിസ് കോവിഡിനു ശേഷം മൂന്നു മാസം വരെയും ശ്വാസകോശത്തിലുണ്ടാകുന്ന പള്‍മനറി എംബോളിസം ആറു മാസം വരെയും രക്തസ്രാവം രണ്ട് മാസം വരെയും ഉണ്ടാകാമെന്ന് ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു.
മറ്റ് സഹരോഗാവസ്ഥകളുള്ളവരിലും കടുത്ത കോവിഡ് ബാധയുണ്ടായവരിലും ആദ്യ തരംഗ സമയത്ത് കൊറോണ വൈറസ് ബാധിച്ചവര്‍ക്കും ഇതിനെല്ലാമുള്ള സാധ്യത വളരെ ഉയര്‍ന്നതാണെന്നും ഗവേഷകര്‍ പറയുന്നു. സ്വീഡനിലെ ഉമിയ സര്‍വകലാശാലയിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്. 2020 ഫെബ്രുവരി 1നും 2021 മെയ് 25നും ഇടയില്‍ കോവിഡ് ബാധിതരായ 10 ലക്ഷം പേരെ സ്വീഡനിലെ ദേശിയ റജിസ്ട്രികള്‍ ഉപയോഗിച്ച് ഗവേഷകര്‍ കണ്ടെത്തി. ഇവര്‍ക്ക് പിന്നീടുണ്ടായ രോഗങ്ങളെ കോവിഡ് പോസിറ്റീവ് ആകാത്ത 40 ലക്ഷം പേരുടെ വിവരങ്ങളുമായി താരതമ്യപ്പെടുത്തി. തുടര്‍ന്നാണ് കോവിഡ് രോഗികളില്‍ രോഗബാധയ്ക്ക് 30 ദിവസങ്ങള്‍ക്ക് ശേഷം ഡീപ് വെയ്ന്‍ ത്രോംബോസിസിനുള്ള സാധ്യത അഞ്ച് മടങ്ങും പള്‍മനറി എംബോളിസത്തിനുള്ള സാധ്യത 33 മടങ്ങും രക്തസ്രാവത്തിനുള്ള സാധ്യത ഇരട്ടിയും വര്‍ധിച്ചിരിക്കുന്നതായി നിരീക്ഷിച്ചത്.