പ്രീ പ്രൈമറി അധ്യാപകർക്കും ആയമാർക്കും ആശ്വാസം; ഓണറേറിയം ഉടൻ നല്കും
തിരുവനന്തപുരം : 3 മാസമായി ഓണറേറിയം ലഭിക്കാതെ ദുരിതത്തിലായിരുന്ന പ്രീ പ്രൈമറി അധ്യാപകർക്കും ആയമാർക്കും ഒടുവിൽ ആശ്വാസം. ജനുവരി മുതലുള്ള ഓണറേറിയം നൽകാനായി 14.88 കോടി രൂപ സർക്കാർ അനുവദിച്ചു. തുക എത്രയുംവേഗം വിതരണം ചെയ്യാൻ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് നിർദേശം നൽകി.
ഓണറേറിയം എന്ന് ലഭിക്കുമെന്നറിയാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലേക്ക് വിളിച്ച അധ്യാപികയോട് പ്രീപ്രൈമറി വിഭാഗത്തിലെ സൂപ്രണ്ടും ഉദ്യോഗസ്ഥയും പരിഹസിച്ചും കയർത്തും സംസാരിച്ചത് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. തുച്ഛമായ പ്രതിഫലത്തിൽ സേവനം അനുഷ്ഠിക്കുന്ന പ്രീ പ്രൈമറി ജീവനക്കാരോടുള്ള അനീതി അവസാനിപ്പിച്ച് ഓണറേറിയമെങ്കിലും കൃത്യമായി ലഭ്യമാക്കണമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇതെത്തുടർന്നാണു ധനവകുപ്പ് അടിയന്തരമായി തുക അനുവദിച്ചത്. ഇതിനു നടപടിയെടുത്ത മന്ത്രി കെ.എൻ. ബാലഗോപാലിനെ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നന്ദി അറിയിച്ചു.
അധ്യാപകർക്ക് 12000–12,500 രൂപയും ആയമാർക്ക് 7000–7500 രൂപയുമാണ് ഓണറേറിയം. സാമ്പത്തികബുദ്ധിമുട്ട് പറഞ്ഞാണ് ജനുവരി മുതൽ തുക നൽകാതിരുന്നത്. പിന്നീട് ജനുവരിയിലെ മാത്രം തുക ഭാഗികമായി നൽകാൻ ഉത്തരവായി. സമരങ്ങൾ ഉൾപ്പെടെ നടത്തിയിട്ടും ഫലം കാണാതെപോയ പ്രശ്നം പരിഹരിക്കാൻ മനോരമ നടത്തിയ ഇടപെടലുകൾക്ക് പ്രീപ്രൈമറി ജീവനക്കാരുടെ കൂട്ടായ്മയുടെ സംസ്ഥാന നേതാവ് കാമാക്ഷി ഗൗതം നന്ദി അറിയിച്ചു. സർക്കാർ സ്കൂളുകൾക്ക് അനുബന്ധമായി പ്രവർത്തിക്കുന്ന പ്രീ പ്രൈമറികളിലെ 2861 അധ്യാപകർക്കും 1965 ആയമാർക്കും മാത്രമാണ് സർക്കാർ ഓണറേറിയം ലഭിക്കുന്നത്. ഈ മേഖലയിൽ ജോലി ചെയ്യുന്ന ബാക്കി പതിനായിരത്തോളം വനിതകൾക്ക് പി.ടി.എ.കൾ നൽകുന്ന തുച്ഛമായ വേതനം മാത്രമാണുള്ളത്.
