‘‘പണമല്ല; വൃക്ക തന്നെ തരാം’’; ബേക്കറിയിൽ നിന്നൊരു മധുരനന്മ
പുള്ള് (തൃശൂർ) ∙ ബേക്കറിയിലേക്ക് കണ്ണീരോടെ കയറി വന്ന സ്ത്രീ ചോദിച്ചു; ‘‘എന്റെ സഹോദരിയുടെ മകന് വൃക്ക മാറ്റിവയ്ക്കണം. പണമില്ല. സഹായിക്കാമോ’’? ഒന്നാലോചിച്ചശേഷം ബേക്കറി ഉടമ ഷൈജു സായ് റാം പറഞ്ഞു: ‘‘പണം തരില്ല. ചേരുമെങ്കിൽ എന്റെ വൃക്ക തരാം!’’
കേട്ടത് ഫലിതമായിരിക്കുമെന്ന് കരുതി. പക്ഷേ, ബേക്കറിയുടമയുടെ വാക്ക് മധുരനന്മയായിരിക്കുന്നു. ഷൈജുവിന്റെ വൃക്ക അന്തിക്കാട് പച്ചാമ്പുള്ളി സുമേഷിന്റെ ശരീരത്തിൽ അടുത്ത തിങ്കളാഴ്ച വച്ചുപിടിപ്പിക്കും.
വൃക്കകൾ തകരാറിലായി ആഴ്ചയിൽ 3 ഡയാലിസിസിന് വിധേയനായിക്കൊണ്ടിരിക്കുന്ന സുമേഷിന് (39) പുള്ള് സെന്ററിലെ സായ് റാം ബേക്കറി ഉടമയും കോൺഗ്രസ് ചാഴൂർ മണ്ഡലം കമ്മിറ്റി സെക്രട്ടറിയുമായ ഷൈജു സായ് റാം (43) ആണു വൃക്ക നൽകുന്നത്. നടപടികൾ പൂർത്തിയായി. ശസ്ത്രക്രിയയ്ക്കായി ഷൈജുവിനെ ഇന്ന് എറണാകുളം ലിസി ആശുപത്രിയിൽ പ്രവേശിപ്പിക്കും. സുമേഷ് അവിടെ ചികിത്സയിലാണ്.
സുമേഷിന്റെ ഭാര്യയും ബന്ധുവും വൃക്ക നൽകാൻ തയാറായെങ്കിലും ചേരില്ലായിരുന്നു. പണം നൽകി സഹായിക്കുന്നതിനേക്കാൾ നല്ലത് വൃക്ക നൽകുന്നതാണെന്ന തീരുമാനമെടുത്ത ഷൈജുവിന് എല്ലാ പിന്തുണയും നൽകി ഭാര്യ സനിതയും മക്കളായ നന്ദനയും സായ് കൃഷ്ണയും ഒപ്പമുണ്ട്. തൃശൂരിൽ ബാർബറായിരുന്ന സുമേഷ് പിന്നീട് ഗൾഫിൽ പോയി. വൃക്കരോഗം കലശലായതോടെ 4 വർഷം മുൻപ് തിരിച്ചുപോന്നു. ശസ്ത്രക്രിയാ ചെലവുകൾക്ക് ചുരുങ്ങിയത് 12 ലക്ഷം രൂപ വേണം. ചികിത്സാ സഹായ സമിതിയുടെ പക്കൽ ഉള്ളത് 7.5 ലക്ഷം. ഇതിൽ 4.45 ലക്ഷം ശസ്ത്രക്രിയയ്ക്ക് കെട്ടിവയ്ക്കണം.
