വയറ്റത്തടിച്ച് വിലക്കയറ്റം: ഹോട്ടൽ ഭക്ഷണത്തിനും വിലകൂട്ടി തുടങ്ങി

പത്ത് രൂപയ്ക്ക് ചായയും 40 രൂപയ്ക്ക് സാധാരണ ഊണും കിട്ടിയിരുന്ന കാലം പഴങ്കഥയാവുകയാണ്. മുന്നറിയിപ്പുകളൊന്നും ഇല്ലാതെ തന്നെ ഹോട്ടൽ ഭക്ഷണ വിലയും കൂട്ടി തുടങ്ങി. ഏപ്രിൽ ഒന്നു മുതലാണ് മിക്ക കടക്കാരും വിലയിൽ മാറ്റം വരുത്തി തുടങ്ങിയത്. ചായയ്ക്ക് 2 രൂപ കൂടിയെങ്കിൽ ചെറുകടികൾക്ക് കൂടിയത് 5 രൂപവരെയാണ്. 40 രൂപയുടെ ഊണിന്റെ ഇപ്പോൾ പലയിടത്തും അൻപതും അറുപതും രൂപയിലെത്തി. പത്ത് രൂപയുടെ പൊറോട്ടയ്ക്ക് രണ്ട് രൂപ മുതൽ 5 രൂപവരെ കൂടി. ബിരിയാണിക്ക് 10 രൂപ മുതൽ 30 രൂപവരെ കൂടിയപ്പോൾ ചിക്കൻ വിഭവങ്ങൾക്ക് വില കുത്തനെ കൂടി. പലരും ഈടാക്കുന്നത് പല വില. ചുരുക്കി പറഞ്ഞാൽ വയർ നിറയണമെങ്കിൽ കീശ കാലിയാകുന്ന അവസ്ഥ.
നാല് വർഷം മുമ്പാണ് ചായയുടെ വില 10 രൂപയായി ഉയർന്നത്. പിന്നീട് ഇങ്ങോട്ട് പ്രളയവും കോവിഡും ജി.എസ്.ടി നിരക്കിലെ വർധനവും ഉൾപ്പടെ പ്രതിസന്ധികൾ പലത് ഉണ്ടായെങ്കിലും ഭക്ഷണ വില കൂട്ടിയിരുന്നില്ല. ഹോട്ടൽ വ്യവസായം നഷ്ടത്തിലേക്ക് എത്തിയ സാഹചര്യത്തിൽ അടച്ചു പൂട്ടലിലേക്ക് പോകാതിരിക്കാൻ വിലക്കയറ്റം അല്ലാതെ മറ്റ് വഴിയില്ല എന്ന ഉറച്ച നിലപാടിൽ തന്നെയാണ് കച്ചവടക്കാർ. ഗുണനിലവാരമുള്ള ഭക്ഷണം വിളമ്പാൻ ഇവർക്ക് മുന്നിൽ വേറെ വഴിയില്ല. ഇങ്ങനെ വില കൂടുമ്പോൾ രണ്ട് നേരം കുടിച്ചിരുന്ന ചായ ഇനി ഒരു നേരം ആക്കേണ്ടി വരുമോ എന്നും പോലും ആശങ്കപ്പെടുന്നുണ്ട്.
ഹോട്ടൽ ഭക്ഷണ വില ഏകീകരിക്കപ്പെട്ടില്ല എന്നതും പലയിടത്തും വിലവിവര പട്ടികയിൽ പുതുക്കിയ വില ഇല്ലെന്നതും പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നവർക്ക് തിരിച്ചടിയാണ്. എന്നാൽ ഭക്ഷണ വില ഏകീകരിക്കുന്നതിൽ ഹോട്ടലുടമകൾക്കുള്ളത് കടുത്ത എതിർപ്പാണ്. അരി, എണ്ണ, ചായപ്പൊടി, മറ്റ് പല വ്യജ്ഞനങ്ങൾ തുടങ്ങി പലവസ്തുക്കൾക്കും ഗുണ നിലവാരത്തിന് അനുസരിച്ച് പല വിലയാണ് വിപണിയിൽ ഈടാക്കുന്നത്. ഹോട്ടലുകൾ അവരുടെ കച്ചവടത്തിനനുസരിച്ചാണ് ഇതിൽ ഏത് വിലയുടെ സാധനം വാങ്ങണം എന്ന് തീരുമാനിക്കുക, ഹോട്ടലിൽ ഒരുക്കിയിരിക്കുന്ന മറ്റ് സൗകര്യങ്ങൾ, ഓരോ പ്രദേശത്തേയും കെട്ടിട വാടകയിലെ വ്യത്യാസം, ഭക്ഷണം ഉണ്ടാക്കുന്ന രീതി അങ്ങനെ കൂടുന്ന ചെലവുകൾക്ക് അനുസരിച്ചേ ഓരോ കടയുടമയ്ക്കും വില നിശ്ചയിക്കാനാവൂ എന്നാണ് ഹോട്ടലുടമകൾ പറയുന്നത്. വിലക്കയറ്റം പിടിച്ച് നിർത്താൻ സർക്കാർ ഇടപെടലും ഇവർ ആവശ്യപ്പെടുന്നുണ്ട്. അസംസ്കൃത വസ്തുക്കളുടെ വില സർക്കാർ പിടിച്ച് നിർത്താനും പാചകവാതകത്തിന്റെ നികുതി കുറയ്ക്കാനും സർക്കാർ നടപടിയെടുക്കണമെന്നാണ് ഹോട്ടലുടമകളുടെ ആവശ്യം