നാളികേര വില ഇടിഞ്ഞു; കേരകർഷകർക്ക് ദുരിതകാലം
കേളകം : വിപണിയിൽ നാളികേര വില കുത്തനെ ഇടിഞ്ഞു. കേരകർഷകർ ദുരിതത്തിൽ. മാസങ്ങൾ മുൻപ് 42 രൂപ വരെ വിലയുണ്ടായിരുന്ന നാളികേരത്തിന് വ്യാഴാഴ്ച വില 27-28 ആണ്. ഉത്‌പാദനച്ചെലവും പണിക്കൂലിയും നോക്കിയാൽ കർഷകന് ഒന്നും കിട്ടാത്ത സ്ഥിതി. എന്നാൽ വിപണിയിൽ വെളിച്ചണ്ണവിലയിൽ കാര്യമായ കുറവുണ്ടായിട്ടില്ല. ലിറ്ററിന് 165-170 വരെ ആണ് വില. ചില കമ്പനികൾ വെളിച്ചെണ്ണയ്ക്ക് 190 രൂപ വരെ ഈടാക്കുന്നുണ്ട്.
ആവശ്യം കുറഞ്ഞു എന്നാണ് വ്യാപാരികൾ തേങ്ങവില ഇടിവിന് കാരണമായി പറയുന്നത്. എന്നാൽ അന്യസംസ്ഥാനത്തുനിന്ന് ഇറക്കുമതിചെയ്യുന്ന നാളികേരത്തിന് 30 രൂപ വരെ നൽകേണ്ടിവരുന്നുണ്ടന്നും വെളിച്ചെണ്ണ വ്യാപാരികൾ സമ്മതിക്കുന്നു.
തെങ്ങുകയറ്റത്തൊഴിലാളിക്ക് തെങ്ങൊന്നിന് കൂലി 30-35 രൂപയായി വർധിച്ചതും മറ്റുപണികളുടെ കൂലി ഉച്ചപ്പണിക്ക് 400 രൂപ ഉണ്ടായിരുന്നത് 500-600 രൂപ വരെ അയി വർധിച്ചതും പ്രതിസന്ധിയായി. മണ്ഡരി, കൂമ്പുചീയൽ, ഓല ഉണങ്ങൽ തുടങ്ങിയ രോഗബാധകളും കർഷകരെ ദുരിതത്തിലാക്കുന്നു.
മൂന്ന് ദിവസമായി നാളികേരമെടുക്കാൻ വണ്ടി എത്തുന്നില്ലെന്ന് കേളകത്തെ വ്യാപാരി ടോമി വാളുവെട്ടിക്കൽ പറഞ്ഞു. മലയോരത്തെ വിപണികളിലെല്ലാം ഇതാണ് അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.
